കള്ളാടി–ആനക്കാംപൊയിൽ തുരങ്കപാത: ഹർജിക്ക് പിന്നാലെ പരിസ്ഥിതി പ്രവർത്തകൻ ബാദുഷക്കെതിരെ സൈബർ ആക്രമണം

കൽപ്പറ്റ : കള്ളാടി – ആനക്കാംപൊയിൽ തുരങ്ക പാതക്ക് നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി സുപ്രിം കോടതിൽ ഹർജി നൽകിയതിനെ തുടർന്ന് വയനാട്ടിലെ ഒരു ഗൂഡ ഗുണ്ടാ സംഘം പരിസ്ഥിതി പ്രവർത്തകനായ എൻ.ബാദുഷക്ക് എതിരെ നിഷ്ഠൂരമായ സൈബർ ആക്രമണം അഴിച്ചു വിട്ടുകൊണ്ടിരിക്കുന്നതിനെയും അദ്ദേഹത്തിനെ അപായപ്പെടുത്തുവാൻ വീട്ടിലേക്ക് നടത്തുമെന്ന് പ്രഖ്യാപിച്ച മാർച്ചിനെയും വയനാടിന്റെ പരിസ്ഥിതി സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ അപലപിക്കുന്നു.ഗുണ്ടകളുടെ ഏത് ആക്രമണങ്ങളെയും നിയമത്തിന്റെ വഴിയിലൂടെയും ജനകീയ ഇടപെടലുകളിലൂടെ ചെറുക്കുമെന്നും അറിയിക്കുന്നു.

കേരളം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടലിന്റെയും അതിൽ നഷ്ടമായ ജീവനുകളുടെയും നടുക്കുന്ന ഓർമ്മകൾ മാറുന്നതിനു മുൻപ് അശാസ്ത്രീയവും ജനദ്രോഹപരവുമായ തുരങ്കപാത മേപ്പാടി പ്രദേശത്തിന്നും വയനാടിൻ്റെ പരിസ്ഥിതി സംതുലനത്തിനും കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ – തിരുവാമ്പാടി പ്രദേശങ്ങൾക്കും വലിയ ദുരന്തങ്ങൾ വരുത്തിവയ്ക്കുമെന്ന് ഉറപ്പാണ് . ആ മഹാ വിപത്തിനെ തടയാൻ നിയമത്തിന്റെ വഴി തേടിയ വയനാട് പ്രകൃതി സംരക്ഷണ സമിതിയ്ക്കും അതിന്റെ അധ്യക്ഷനായ ബാദുഷക്കും കേരളത്തിനങ്ങോളമിങ്ങോളമുള്ള പരിസ്ഥിതിസംഘടനകളും ജനങ്ങളോട് പ്രതിബദ്ധതയുള്ള സാമൂഹിക സംഘടനകളും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.
പ്രകൃതിസംരക്ഷണസമിതിയുടെ പ്രസിഡൻ്റ് ബാദുഷയും സെക്രട്ടറി തോമസ്സ് അമ്പലവയലുമാണ് കോതിയിൽ ഹർജി നൽകിയിരിക്കുന്നത് . വേണ്ടി വന്നാൽ വയനാട്ടിലെയും കേരളത്തിലുടനീളമുള്ള പരിസ്ഥിതി- സാമൂഹ്യ സംഘടനകളും കോടതിയിൽ ഈ കേസിൽ കക്ഷി ചേരുമെന്നും ഞങ്ങൾ അറിയിക്കുന്നു.

ഒരു വിധത്തിലുള്ള ശാസ്ത്രീയ പഠനങ്ങളും പരിസ്ഥിതി വിലയിരുത്തലും വിദഗ്ദ പഠനവും കൂടാതെ തെറ്റായ വിവരങ്ങൾ നൽകി തെറ്റിദ്ധരിപ്പിച്ചാണ് കേരള സർക്കാർ പരിസ്ഥിതി മന്ത്രാലത്തിൻ്റെ രണ്ടു തട്ടിലുള്ള അനുമതിയും സംഘടിപ്പിച്ചത്.ഇത്തരം ജനദ്രോഹപരവും നിയമവിരുദ്ധവുമായ നടപടികൾ ചോദ്യം ചെയ്യാൻ ഇന്ത്യയിലെ ഏതൊരു പൗരനും സംഘടനയ്ക്കും അവകാശവും ഉത്തരവാദിത്തവും ഉണ്ട്.ഭരണഘടന നൽകുന്ന മൌലിക അവകാശം വിനിയോഗിച്ചുകൊണ്ട് നീതിപീഠത്തെ സമീപിച്ചതിൻ്റെ പേരിൽ ഒരു വ്യക്തിക്കെതിരെ സ്ഥാപിത താല്പര്യങ്ങളുള്ള ചില ലോബികളുടെ ഗുണ്ടാസംഘം സംഘടിതമായി നടത്തുന്ന സംസ്കാര ശുന്യവും അപകടകരവുമായ സോഷ്യൽ മീഡിയാ അതിക്രമത്തെ ചെറുക്കേണ്ടത് ജനാധിപത്യത്തിലും ഭരണഘടനയിലും നീതിന്യായ സംവിധാനത്തിലും വിശ്വസിക്കുന്ന ഏതൊരു വ്യക്തിയുടെയും സംഘടനകളുടെയും കടമയാണ്.

വയനാടിന്റെ നിലനില്പിനാധാരമായ വനവും, കുന്നുകളും പുഴയും വയലുകളുമെല്ലാം സംരക്ഷിക്കാൻ അക്ഷീണം പ്രവർത്തിക്കുന്ന പരിസ്ഥിതി പ്രവർത്തകർക്ക് ഇത്തരം ഭീഷണികൾ പുത്തരിയല്ല.ആനക്കൊമ്പ് – ചന്ദനം കളളക്കടത്തിനെതിരെയും വയനാടിനെ മരുഭൂമിയാക്കി മാറ്റുമായിരുന്ന വനനശീകരണത്തിനെതിരെയും എടക്കൽ ഗുഹ സംരക്ഷിക്കാൻ ക്വാറികൾക്കെതിരെയും, സ്വാഭാവിക വനങ്ങൾ നശിപ്പിച്ചു യൂക്കാലി-അക്കെക്ഷ്യ തോട്ടങ്ങളാക്കുന്നതിനെതിരെയും എല്ലാം പ്രക്ഷോഭം നടത്തിയപ്പോഴും കോടതികളിൽ നിയമ പോരാട്ടങ്ങൾ നടത്തിയപ്പോഴുമെല്ലാം ഇത്തരം ഭീഷണികൾ നേരിട്ടിട്ടുണ്ട്.മേപ്പാടി പ്രദേശത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നിയമവിരുദ്ധവും സാമൂഹ്യ വിരുദ്ധവും പരിസ്ഥിതി വിരുദ്ധവുമായ എല്ലാ സീമകളെയും ലംഘിച്ചു കഴിഞ്ഞ ടൂറിസത്തെ ചെറുക്കേണ്ടത് ജെനങ്ങളുടെ ത്തവശ്യമാണ്. വായനാടിൽ പൊതുവെയും മേപ്പടിയിൽ പ്രത്യേകിച്ചും ടൂറിസത്തിന്റെ പേരിൽ നശിപ്പിക്കപ്പെടുന്ന പച്ചപ്പും നീറുവകളും തണുപ്പും മഞ്ഞും വയനാട്ടിലെ പരിസ്ഥിതി പ്രവർത്തകർ ചോരയും നീരും നൽകി, ഗൂണ്ടായിസവും പുലഭ്യവും നേരിട്ട് നിലനിർത്തിയതാണെന്ന് ഓർക്കണം.വയനാടിൻ്റെ പ്രകൃതിയെയും അതിലധിഷ്ഠിതമായി ജീവിക്കുന്ന ബഹുഭൂരിഭാഗം വരുന്ന കർഷക – ആദിവാസി – ഭൂ രഹിത ജനതയെയും സംരക്ഷിക്കാൻ എന്ത് വിലയും കൊടുത്ത് പരിസ്ഥിതി പ്രവർത്തകർ നിലയുറപ്പിക്കുമെന്നും ബാദുഷ ഒറ്റക്കല്ലെന്നും ഈ കൂട്ടായ്മ അറിയിച്ചു.

പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നവർ
1.അഡ്വ. സന്തോഷ് (കോ എക്സിസ്റ്റ്ൻസ് കേരള)
2.രാജേഷ് കൃഷ്ണൻ സഹ്യാദ്റി സമ്മിറ്റ്)
3.വർഗ്ഗീസ് വട്ടേക്കാട്ടിൽ (പ്രശ്ചിമഘട്ട സംരക്ഷണ സമിതി)
4. കെ.വി.പ്രകാശ് (സി.പി.ഐ. (M L) റെഡ് സ്റ്റാർ)
5.കെ.വി. ഗോകുൽദാസ് (ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ സെൻ്റർ)
6.ഭഗത് (എസ്.യു.സി (ഐ)
7.ടി.ശിവരാജ് (ഉറവ് ഇക്കോ ലിങ്ക്സ്)
7.അബു പൂക്കോട് (ഗ്രീൻ ക്രോസ്സ് )
8.ബഷീർ ആനന്ദ് ജോൺ (കേരള ഗ്രീൻ മൂവ്മെൻ്റ്)

കൽപ്പറ്റ 14-03-2026

Leave a Reply

Your email address will not be published. Required fields are marked *