കഥകളി ആസ്വാദനത്തിന് ആയിരങ്ങൾ എത്തി

കഥകളി ആസ്വാദനത്തിന് ആയിരങ്ങൾ എത്തി

മീനങ്ങാടി :പുറക്കാടി ക്ഷേത്രത്തിലേക്ക് ഒഴുകുകയാണ് ഭക്തജനങ്ങൾ . മൺഡല മഹോൽസവത്തിൻ്റെ ഭാഗമായി നടത്തിയ കഥകളി നേരിൽ കണ്ട് ആസ്വദിക്കുന്നതിനായാണ് ആയിരക്കണക്കിന് ആളുകൾ ഇന്നലെ ക്ഷേത്രത്തിലെത്തിയത്. കോട്ടക്കൽ PSV നാട്യസംഘത്തിൻ്റെ നേതൃത്വത്തിൽ പൂതനാമോക്ഷം ,കിരാതം എന്നീ കഥകളാണ് നിറഞ്ഞ സദസ്സിന് മുന്നിൽ അവതരിപ്പിച്ചത്.ബാലനായ ശ്രീകൃഷ്ണനെ നിഗ്രഹിക്കുന്നതിനായി ലളിതയെന്ന സുന്ദരിയായി അമ്പാടിയിലെത്തുകയാണ് പൂതനയെന്ന രാക്ഷസി. കംസനിയോഗം നടപ്പാക്കാൻ തീരുമാനിച്ചുറപ്പിച്ച പൂതന തൻ്റെ വിഷം പുരട്ടിയ മാറിടത്തിലെ പാൽ ഉണ്ണിക്കണ്ണനെ ഊട്ടിക്കുകയാണ് . തന്റെ ജീവനെടുക്കാനായി സുന്ദരിയായെത്തിയ ലളിതയുടെ ജീവനടക്കം വലിച്ചെടുക്കുന്നതും തിരികെ രാക്ഷസിയായി മാറുന്നതുമെല്ലാം ലളിതമായ കഥകളി സംഗീതത്തിൻ്റെ പശ്ചാത്തലത്തിൽ കോട്ടക്കൽ രാജു മോഹൻ അവതരിപ്പിച്ചത് വൈകാരികമായാണ് ഭക്തജനങ്ങൾ ഉൾകൊണ്ടത് .ചൂതുകളിയിൽ തോറ്റ പാണ്ഡവർ വനവാസത്തിനിറങ്ങുകയും നിരായുധനായ അർജുനന് ദിവ്യായുധം നേടുന്നതിനും വരം നൽകി അനുഗ്രഹിക്കുന്നതിനും പാർവതി ശിവനോട് അപേക്ഷിക്കുന്നതുമായ രംഗങ്ങളാണ് കിരാതം എന്ന കഥകളിയിലൂടെ രണ്ടാം ഭാഗത്തിൽ അവതരിപ്പിച്ചത്. കാട്ടാളനും കാട്ടാളത്തിയുമായി തിരികെ രംഗപ്രവേശം ചെയ്യുന്ന ശിവനും പാർവ്വതിയും അർജുനനെ തിരിച്ചറിവിൻ്റെ ലോകത്തേക്ക് നയിക്കുന്ന രംഗങ്ങളും കഥകളി പ്രേമികൾ ശ്വാസമടക്കിപ്പിടിച്ചാണ് കണ്ട് നിന്നത്. കോട്ടക്കൽ മധു , വേങ്ങേരി നാരായണൻ എന്നിവരുടെ സംഗീതത്തിൽ അർജുനനായി കോട്ടക്കൽ ഹരി നാരായണനും കാട്ടാളനായി ദേവദാസും കാട്ടാളത്തിയായി കോട്ടക്കൽ പ്രദീപും അരങ്ങ് തകർത്തു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയൻ കളിവിളക്ക് തെളിയിചു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ മനോജ് ചന്ദനക്കാവ്,എം. എസ് നാരായണൻ മാസ്റ്റർ, പി.വി വേണുഗോപാൽ, സംഗീത് എം എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *