• Lisha Mary

  • April 22 , 2020

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയില്‍ അടുത്ത രണ്ടു ദിവസം നിര്‍ണായകമാണ്. പരിശോധനയ്ക്ക് അയച്ച 214 പേരുടെ സ്രവ സാമ്പിള്‍ ഫലം രണ്ട് ദിവസത്തിനകം ലഭിക്കും. കഴിഞ്ഞ രണ്ടാഴ്ചയായി കണ്ണൂരില്‍ നിന്നും തുടര്‍ച്ചയായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വലിയ ആശങ്കയാണ് ജില്ലയില്‍ നിലനില്‍ക്കുന്നത്. മറ്റു ജില്ലകളില്‍ നിന്ന് വ്യത്യസ്ഥമായി രോഗലക്ഷണങ്ങള്‍ ഇല്ലാത്ത വിദേശത്ത് നിന്ന് വന്ന മുഴുവന്‍ ആളുകളുടെയും സ്രവ പരിശോധന കണ്ണൂരില്‍ നടത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇങ്ങനെ വിദേശത്തു നിന്നും വന്ന 346 പേരെ പരിശോധിച്ചതില്‍ നിന്നാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ 16 പേര്‍ക്ക് കോവിഡ് പോസറ്റീവായത് എന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള കണ്ണൂരില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അനാശ്യമായി പുറത്തിറങ്ങിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. മെയ് മൂന്ന് വരെ ജില്ലയില്‍ പോലീസിന്റെ ട്രിപ്പിള്‍ ലോക്ക് സുരക്ഷയായിരിക്കും. ഗ്രാമങ്ങളെല്ലാ ഇതിനോടകം അടച്ചു കഴിഞ്ഞു. ഹോട്ട് സ്‌പോട്ടായി നിശ്ചയിച്ച 18 കേന്ദ്രങ്ങളില്‍ മരുന്ന് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വളണ്ടിയര്‍മാര്‍ വീടുകളിലെത്തിക്കും. മറ്റിടങ്ങളില്‍ അവശ്യ സാധനങ്ങളുടെ കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ തുറക്കൂ.