തിരുവനന്തപുരം : കേരള ബാലസാഹിത്യ അക്കാദമിയുടെ ഏഴാമത് കേരള ബാലസാഹിത്യ പുരസ്കാരം എഴുത്തുകാരിയും വിദ്യാഭ്യാസ പ്രവർത്തകയുമായ ലൈല സൈനിന് ലഭിച്ചു.ഓപ്പറേഷൻ @കൂനിമുത്തിക്കുന്ന് എന്ന നോവലിനാണ് ഏറ്റവും മികച്ച ബാലനോവൽ വിഭാഗത്തിന്റെ പുരസ്കാരം ലഭിച്ചത്.പരിസ്ഥിതിക്കും,മൃഗങ്ങൾക്കും വേണ്ടി ശബ്ദമുയർത്തുന്ന ഒരു കൂട്ടം സ്കൂൾ വിദ്യാർത്ഥികളുടെ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥ പറയുകയാണ് ഈ നോവൽ.ബാലസാഹിത്യകാരൻ ഉല്ലല ബാബുവിന്റെ സ്മരണാർഥം നൽകുന്ന പുരസ്കാരമാണിത്.
‘ഹന്നയുടെ സ്പിൻസ്റ്റർ പാർട്ടി’ എന്ന ചെറുകഥാ സമാഹാരവും ലൈല എഴുതിയിട്ടുണ്ട്.വിവർത്തക കൂടിയായ ലൈല സൈൻ കസുവോ ഇഷിഗുരോയുടെ ദിവസത്തിന്റെ ശേഷിപ്പുകൾ,മൂടൽമഞ്ഞ്,നിഴലായ്,മാക്സിം ഗോർക്കിയുടെ കുട്ടിക്കാലം,കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ,ആൻ ഓഫ് ഗ്രീൻ ഗാബ്ൾസ് എന്നീ നോവലുകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.’മാറ്റത്തിന്റെ കുതിപ്പ് എന്ന’പേരിൽ ഒരു ജീവചരിത്രവും എഴുതിയിട്ടുണ്ട്.ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മർക്കസ് ഇന്റർനാഷണൽ ഹൈബ്രിഡ് സ്കൂൾ അധ്യാപികയായ ലൈല കോഴിക്കോട് ഫറോക്ക് സ്വദേശിനിയാണ്.ഈ മാസം 16ന് തൃശൂർ എൻ.ജി.ഒ.ഹാളിൽ വെച്ചാണ് അവാർഡ്ദാനച്ചടങ്ങ് നടക്കുന്നത്.