• Lisha Mary

  • March 5 , 2020

ന്യൂഡല്‍ഹി :

ഒരാള്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം 30 ആയി. ഇറാനില്‍ നിന്നും ഗാസിയബാദിലെത്തിയ ആള്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.ബുധനാഴ്ച 22 പേര്‍ക്കാണ് പുതിയതായി ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്. കൊറോണ ബാധിതര്‍ക്കായി ആഗ്രയില്‍ പുതിയതായി ഒരു കേന്ദ്രം ആരംഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ രാജ്യസഭയില്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിഷയം നിരീക്ഷിച്ചുവരുന്നതായി ആരോഗ്യ മന്ത്രി പറഞ്ഞു. കൂടാതെ കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട സാഹചര്യം വിലയിരുത്തുന്നതിന് മന്ത്രിമാരുടെ ഒരു സംഘത്തെ നിയോഗിച്ചിട്ടുമുണ്ട്. സംസ്ഥാനങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി ബന്ധപ്പെട്ട് വിലയിരുത്തലുകള്‍ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കൊറോണ വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് കൊറോണയില്ലെന്ന സാക്ഷ്യപത്രം നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ദക്ഷിണ കൊറിയയില്‍ നിന്നും ഇറ്റലിയില്‍ നിന്നും എത്തുന്നവരും അവിടെ സന്ദര്‍ശനം നടത്തിയവരും സാക്ഷ്യപത്രം  നല്‍കണം.
ഈ മാസം പത്താം തിയ്യതി മുതലാണ് ഇന്ത്യ സാക്ഷ്യപത്രം നിര്‍ബന്ധമാക്കുന്നത്.