• admin

  • December 24 , 2022

മാനന്തവാടി :     കൂത്തുപറമ്പ് കല്ലിക്കണ്ടി എന്‍.എ.എം കോളജ് നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ സപ്തദിന ക്യാമ്പ് 'ഒപ്പം' തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ വാളാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ചു. 'ലഹരി മുക്ത നാളേക്കായി യുവ കേരളം'എന്ന ലക്ഷ്യത്തോടെയാണ് സഹവാസ ക്യാമ്പ് നടത്തുന്നത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ. ടി. മജീഷ് അധ്യക്ഷത വഹിച്ചു. ക്യാമ്പിന്റെ ഭാഗമായി ലഹരി വിരുദ്ധ ഫ്‌ളാഷ് മോബ്, ബോധവല്‍കരണ റാലി, ലഘുലേഖ വിതരണം, നടപ്പാത നിര്‍മ്മാണം, ടൗണ്‍ ശുചീകരണ യജ്ഞം, പൂന്തോട്ട നിര്‍മ്മാണം, ആദിവാസി ഊര് സന്ദര്‍ശനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടക്കും. മികച്ച കര്‍ഷകരെ ആദരിക്കും. കര്‍ഷകരുമായി വിദ്യാര്‍ത്ഥികള്‍ സംവദിക്കും. എല്ലാ ദിവസവും രാവിലെ യോഗാ പരിശീലനവും നടത്തും. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സല്‍മ മോയിന്‍, പി.ടി.എ പ്രസിഡന്റ് വി.സി മൊയ്തു, പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. പി.വി സുനിത, ഡോ. ഇ. അഷ്‌റഫ്, ഡോ. വി.കെ മിനിമോള്‍, ഡോ. ഹസീബ്, പി.ടി.എ വൈസ് പ്രസിഡന്റ് അസീസ് വാളാട് തുടങ്ങിയവര്‍ സംസാരിച്ചു. ഡിസംബര്‍ 29 ന് ക്യാമ്പ് സമാപിക്കും.