എൻ്റെ വോട്ട് എൻ്റെ അവകാശം:കൂട്ടായ പ്രതിജ്ഞയോടെ മിസ്റ്റി ലൈറ്റ്സ് വനിതാ ഇൻഫ്ളുവൻസേഴ്‌സ് മീറ്റിന് വർണ്ണാഭ സമാപനം

എൻ്റെ വോട്ട് എൻ്റെ അവകാശം:കൂട്ടായ പ്രതിജ്ഞയോടെ മിസ്റ്റി ലൈറ്റ്സ് വനിതാ ഇൻഫ്ളുവൻസേഴ്‌സ് മീറ്റിന് വർണ്ണാഭ സമാപനം

കൽപ്പറ്റ : മലബാർ ഗ്രാൻഡ് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച “മിസ്റ്റി ലൈറ്റ്സ്” വനിതാ ഇൻഫ്ളുവൻസേഴ്‌സ് മീറ്റ് വർണ്ണാഭമായി സമാപിച്ചു. “എൻ്റെ വോട്ട് എൻ്റെ അവകാശം” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് വനിതാ ഇൻഫ്ളുവൻസർമാർ കൂട്ടായ പ്രതിജ്ഞയെടുത്തത് പരിപാടിയുടെ പ്രധാന ആകർഷണമായി.കൽപ്പറ്റ ബൈപ്പാസിലെ ഫ്ലവർ ഷോ ഗ്രൗണ്ടിൽ നടന്ന മീറ്റ് മീഡിയ വിംഗ്സ് എന്ന മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.വനിതാദിനത്തോടനുബന്ധിച്ച് 2020 മുതൽ നടത്തുന്ന പരിപാടിയുടെ ആറാം പതിപ്പായിരുന്നു ഇത്.ഇന്നലെ രാവിലെ വൈത്തിരി പാർക്കിൽ എത്തിയ ഇൻഫ്ളുവൻസർമാർ അവിടെ സമയം ചെലവഴിച്ച ശേഷം ഉച്ചയ്ക്ക് ശേഷം വയനാട്ടിലെ ഗോത്ര പൈതൃക ഗ്രാമമായ എൻ ഊരിലെത്തി.മനോഹര ദൃശ്യങ്ങൾ പകർത്തുന്നതിനൊപ്പം,ജില്ലാ ഭരണകൂടം സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയിലും അവർ പങ്കെടുത്തു.

“ടീ ചാറ്റ് വിത്ത് കലക്ടർ” എന്ന സംവാദ പരിപാടിയിൽ ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീ, അസിസ്റ്റന്റ് കലക്ടർ പി.പി.അർച്ചന എന്നിവർ ഇൻഫ്ളുവൻസർമാരുമായി ആശയവിനിമയം നടത്തി. ജനാധിപത്യ ബോധം,വോട്ടവകാശത്തിന്റെ പ്രാധാന്യം, തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളിത്തം എന്നിവയെക്കുറിച്ച് ചർച്ചകൾ നടന്നു.വോട്ടവകാശം വിനിയോഗിക്കാൻ പൊതുജനങ്ങളെ ആഹ്വാനം ചെയ്യുന്ന പ്രതിജ്ഞയും എടുത്തു.എൻ ഊരിൽ സംഘടിപ്പിച്ച കളരിപ്പയറ്റ്,നാടൻപാട്ട്,തെയ്യം തുടങ്ങിയ സാംസ്കാരിക പരിപാടികൾ പങ്കെടുത്തവർ ആസ്വദിച്ചു.ഡൽഹിയിൽ നിന്നുള്ള തെരഞ്ഞെടുപ്പ് നിരീക്ഷകരും പരിപാടിയിൽ സന്നിഹിതരായിരുന്നു.യുദ്ധ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ലോക സമാധാനത്തിനായി താമരശ്ശേരി ചുരത്തിൽ സംഘടിപ്പിച്ച വാക്കത്തോൺ പരിപാടിയുടെ ശ്രദ്ധേയമായ ഭാഗമായിരുന്നു. ചുരം വ്യൂ പോയിന്റ് മുതൽ ചങ്ങല ഭാഗം വരെ നടന്ന വാക്കത്തോണിൽ കുഞ്ഞുങ്ങളുമായി പോലും വനിതാ ഇൻഫ്ളുവൻസർമാർ പങ്കെടുത്തു.

സംഘാടകരുൾപ്പെടെ 102 പേർ വാക്കത്തോണിൽ പങ്കാളികളായി.കഴിഞ്ഞ ആറു വർഷത്തിനിടെ നാനൂറിലധികം വനിതാ ഇൻഫ്ളുവൻസർമാർ മിസ്റ്റി ലൈറ്റ്സിന്റെ ഭാഗമായിട്ടുണ്ട്.ഈ വർഷത്തെ സംഗമവും ചുരം യാത്രയും “ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്” നേടുകയും ചെയ്തു.രാത്രി കൽപ്പറ്റയിൽ നടന്ന സമാപന ചടങ്ങിൽ ടി.സിദ്ദീഖ് എംഎൽഎ സംഘാടകർക്ക് സർട്ടിഫിക്കറ്റ് കൈമാറി.കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം പ്രചരണത്തിന്റെ ഭാഗമായി “വയനാട്ടിലേക്കൊരു ആനവണ്ടി യാത്ര” എന്ന പേരിൽ കെ.എസ്.ആർ.ടി.സി ബസിലായിരുന്നു ഇൻഫ്ളുവൻസർമാരുടെ യാത്ര.പുൽപ്പള്ളി, ബാണാസുര,വൈത്തിരി തുടങ്ങിയ സ്ഥലങ്ങളിൽ താമസിച്ച് പുലർച്ചെ കാഴ്ചകളും പകർത്തിയ സംഘം ഇന്ന് ഉച്ചയോടെ മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *