ഉരുൾ ദുരന്ത ബാധിതരുടെ ഗുണഭോക്തൃ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടതായി സി.പി.ഐ ലോക്കൽ സെക്രട്ടറിയുടെ കുടുംബം’

ഉരുൾ ദുരന്ത ബാധിതരുടെ ഗുണഭോക്തൃ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടതായി സി.പി.ഐ ലോക്കൽ സെക്രട്ടറിയുടെ കുടുംബം’

കൽപ്പറ്റ : മുണ്ടക്കൈ – ചൂരൽമല ഉരുള്‍ ദുരന്ത ബാധിത കുടുംബത്തെ ഗുണഭോക്തൃ പട്ടികയിൽ നിന്ന് പുറത്താക്കിയതായി പരാതി.ജീവിതസമ്പാദ്യം അപ്പാടെ ഉരുള്‍വെള്ളം തട്ടിയെടുത്തിട്ടും കുടുംബം ദുരന്തബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടില്ല. കുടുംബശ്രീ മിഷന്‍ തയാറാക്കിയ മൈക്രോ പ്ലാന്‍ ഗുണഭോക്തൃ പട്ടികയിലും ഇടം കിട്ടിയില്ല.റവന്യു വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.ഐ പാര്‍ട്ടിയുടെ വെള്ളാര്‍മല ലോക്കല്‍ സെക്രട്ടറി പ്രശാന്ത് ചാമക്കാട്ടിനും കുടുംബത്തിനുമാണ് ദുരനുഭവം.ഉദ്യോഗസ്ഥതലത്തിലെ വീഴ്ചകളാണ് താനും കുടുംബവും ദുരന്തബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടാത്തതിനു കാരണമെന്നു പ്രശാന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.നീതി ഉറപ്പാക്കുന്നതിന് സമാന അനുഭവമുള്ള ദുരന്തബാധിതരെ സംഘടിപ്പിച്ച് ഫെബ്രുവരി ഒന്നു മുതല്‍ കളക്ടറേറ്റ് പടിക്കല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഹാരിസണ്‍സ് മലയാളം പ്ലാന്റേഷനിലെ തൊഴിലാളിയാണ് പ്രശാന്ത്.ചൂരല്‍മലയില്‍ അട്ടമല റോഡിലെ ഹെല്‍ത്ത് സെന്ററിനു സമീപം എസ്റ്റേറ്റ് പാടിയിലായിരുന്നു താമസം.പ്രശാന്തും കുടുംബവും താമസിച്ചിരുന്ന മുറി ഉള്‍പ്പെടുന്നതടക്കം മൂന്ന് എസ്റ്റേറ്റ് പാടികള്‍ ഉരുള്‍പൊട്ടലില്‍ നാമാവശേഷമായി. അപകടസാധ്യത മുന്നില്‍ക്കണ്ട് പാടിയില്‍നിന്നു മാറിയതാണ് പ്രശാന്തിന്റെയും കുടുംബാംഗങ്ങളുടെയും ജീവന്‍ രക്ഷപ്പെടുന്നതിനു സഹായകമായത്.

മകള്‍ക്കുവേണ്ടി വാങ്ങി പാടിയില്‍ സൂക്ഷിച്ച 10 പവന്‍ വരുന്ന ആഭരണങ്ങള്‍,ഒരു ലക്ഷത്തോളം രൂപ വിലവരുന്ന ബൈക്ക്,വീട്ടുപകരണങ്ങള്‍, വായ്പയെടുത്ത് പാടിക്കടുത്ത് നിര്‍മിച്ച തൊഴുത്ത്, അതിലുണ്ടായിരുന്ന നാല് പശുക്കള്‍ എന്നിവ ഉരുള്‍പൊട്ടലില്‍ പ്രശാന്തിനു നഷ്ടമായി.
ദുരന്തബാധിതരുടെ കരടുപട്ടികയില്‍ പ്രശാന്തും കുടുംബവും ഉള്‍പ്പെട്ടിരുന്നു.എന്നാല്‍ പിന്നീട് പ്രസിദ്ധപ്പെടുത്തിയ പട്ടികകളിലും മൈക്രോ പ്ലാനിലും കുടുംബം ഉള്‍പ്പെട്ടില്ല.10 വര്‍ഷം മുമ്പ് പ്രശാന്തിന്റെ ഭാര്യ രേഖയ്ക്ക് ലൈഫ് ഭവന പദ്ധതിയില്‍ നാല് ലക്ഷം രൂപ അനുവദിച്ചിരുന്നു.ഇതിന്റെ പേരിലാണ് ദുരന്തബാധിത കുടുംബമെന്ന പരിഗണന ലഭിക്കാതിരുന്നതെന്നാണ് പ്രശാന്ത് നടത്തിയ അന്വേഷണത്തില്‍ മനസിലായത്.നൈനാര്‍കുളത്ത് പ്രശാന്തിന്റെ തറവാട് ഭൂമിയിലാണ് ലൈഫ് പദ്ധതിയില്‍ അനുവദിച്ച വീടിന്റെ നിര്‍മാണം തുടങ്ങിയത്.പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന വീട് ഇപ്പോള്‍ പൊളിഞ്ഞുവീഴാറായ അവസ്ഥയിലാണ്.

ജില്ലയ്ക്കു പുറത്തുള്ള സന്നദ്ധപ്രസ്ഥാനത്തിന്റെ സാമ്പത്തിക പിന്തുണയോടെ അരപ്പറ്റയില്‍ വാങ്ങിയ ആറ് സെന്റ് സ്ഥലത്ത് മറ്റൊരു സന്നദ്ധ സംഘടന നിര്‍മിച്ചുനല്‍കിയ വീട്ടിലാണ് പ്രശാന്തും കുടുംബവും നിലവില്‍ താമസം.ദുരന്തബാധിതനെന്ന് അംഗീകരിച്ച് മൈക്രോ പ്ലാനില്‍ ഉള്‍പ്പെടുത്താത്തതുമൂലം വലിയ വിഷമതകളാണ് പ്രശാന്തും കുടുംബവും നേരിടുന്നത്.
ദുരന്തബാധിതരുടെ ഗണത്തിലും മൈക്രോ പ്ലാനിലും ഉള്‍പ്പെടുത്തുന്നതിന് റവന്യു മന്ത്രി ഉള്‍പ്പെടെ അധികാരികള്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും ഫലം ഉണ്ടായില്ലെന്നു പ്രശാന്ത് പറഞ്ഞു.മൈക്രോ പ്ലാനിലെങ്കിലും ഉള്‍പ്പെടുത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.ദുരന്തബാധിതരുടെ പട്ടികയില്‍ അനര്‍ഹര്‍ കയറി കൂടി വലിയ തോതില്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിട്ടുണ്ടെന്നും പ്രശാന്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *