കല്‍പ്പറ്റ : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിരന്തര അവഗണനയില്‍ ജീവിതം വഴിമുട്ടിയ മുണ്ടക്കൈ ഉരുള്‍ദുരന്ത ബാധിതര്‍ക്ക് നീതി ആവശ്യപ്പെട്ട് മുസ്്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധം അലയടിച്ചു. ഒറ്റരാത്രിയില്‍ ജീവിതം കീഴ്മേല്‍ മറിഞ്ഞ ആയിരങ്ങളെ അനീതിയുടെ വെയിലത്ത് നിര്‍ത്തുന്ന സര്‍ക്കാരുകള്‍ക്ക് മാര്‍ച്ച് ശക്തമായ താക്കീതായി. രാവിലെ 11 മണിക്ക് ജില്ലാ ലീഗ് ഹൗസ് പരിസരത്ത് നിന്നുമാരംഭിച്ച മാര്‍ച്ചില്‍ ഉരുള്‍ദുരന്ത ബാധിതരടക്കം നൂറുകണക്കിന് പേര് പങ്കെടുത്തു. മാര്‍ച്ച് കലക്ടറേറ്റിന് മുന്നില്‍ പൊലീസ് ബാരിക്കേഡുയര്‍ത്തി തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം കുറുക്കോളി മൊയ്തീന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സര്‍ക്കാരുകളുടെ ഉത്തരവാദിത്വമില്ലായ്മയാണ് ദുരന്തത്തിനിരയായവരുടെ ജീവിതം ഇത്ര ദയനീയമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങള്‍ നല്കിയ ഫണ്ട് പോലും ചിലവഴിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാവുന്നില്ല.
രക്ഷാപ്രവര്‍ത്തനത്തിലും പുനരധിവാസ പദ്ധതികളുടെ നടത്തിപ്പിലും സര്‍ക്കാര്‍ പൂര്‍ണ പരാചയാണ്. ദുരന്തത്തില്‍ എല്ലാം ചെയ്തത് സന്നദ്ധ സംഘടനകളായിരുന്നു. സര്‍ക്കാര്‍ കാഴ്ചക്കാരായി നില്‍ക്കുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.നജീബ് കാന്തപുരം എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ദുരന്തബാധിതരോട് സര്‍ക്കാരിന്റേത് ക്രൂരസമീപനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മോദി ചതിയനാണെങ്കില്‍ പിണറായി വിജയന് ചതിയന്മാരുടെ പെരുന്തച്ഛനാണ്. സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് ജനങ്ങള്‍ നല്കിയ പണത്തിന് മേല്‍ സര്‍ക്കാര്‍ അടയിരിക്കുകയാണ്. ജനങ്ങളുടെ പണം പോലും അര്‍ഹര്‍ക്ക് നല്‍കാതെ പൂഴ്ത്തി വെക്കുകയാണ് ഇടതുസര്‍ക്കാര്‍. എസ്റ്റിമേറ്റ് മുതല്‍ ഗുണഭോക്തൃലിസ്റ്റുവരെ തട്ടിക്കൂട്ടിയതായിരുന്നു. കേന്ദ്രത്തിന് ഒഴിവുകഴിവുകള്‍ പറയാന്‍ സാഹചര്യം ഉണ്ടാക്കിയത് ഈ തട്ടിക്കൂട്ടലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ ലീഗ് പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് സ്വാഗതവും കല്‍പ്പറ്റ മണ്ഡലം സെക്രട്ടറി സലിം മേമന നന്ദിയും പറഞ്ഞു. പി.കെ അബൂബക്കര്‍, എന്‍.കെ റഷീദ്, റസാഖ് കല്‍പ്പറ്റ, എന്‍. നിസാര്‍ അഹമ്മദ്, ബാപ്പുട്ടി ഹാജി, കെ.ഹാരിസ്, സി. കുഞ്ഞബ്ദുല്ല, വി. അസൈനാര്‍ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.പുനരധിവാസം ഉടന്‍ നടപ്പിലാക്കുക, അര്‍ഹരായ മുഴുവന്‍ പേരെയും ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തുക, ഇരുകളുടെ മുഴുവന്‍ വായ്പകളും എഴുതിതള്ളുക, കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്