കല്‍പ്പറ്റ : ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക റദ്ദ് ചെയ്യണമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ്ബ് ജില്ലാജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. പുനരധിവാസവുമായി ബന്ധപ്പെട്ട് നോഡല്‍ ഓഫീസറെ നിയമിച്ച്, മേപ്പാടിയില്‍ പ്രത്യേക ഓഫീസ് തുറന്ന് ദുരന്തബാധിതരുടെ ഗ്രാമസഭ വിളിച്ചുചേര്‍ത്ത് പരാതികള്‍ക്കിട നല്‍കാത്ത ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. നിലവില്‍ സ്ഥലത്തില്ലാത്തവരും ദുരന്തബാധിതരല്ലാത്തവരും ലിസ്റ്റിലുണ്ട്. അതുകൊണ്ട് തന്നെ ലിസ്റ്റ് തയ്യാറാക്കുന്നതില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടായതായി ആരോപണമുയര്‍ന്നിട്ടുണ്ട്. സര്‍വകക്ഷിയോഗത്തിലും തുടര്‍ന്ന് നടത്തിയ യോഗങ്ങളിലുമെല്ലാം എടുത്ത തീരുമാനത്തിന് വിപരീതമായാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പതിനൊന്നാം വാര്‍ഡില്‍ മാത്രം 70ലധികം പേരുകളാണ് ഇരട്ടിപ്പുള്ളത്. 10, 12 വാര്‍ഡുകളിലെ പട്ടികയിലും പേരുകളുടെ ഇരട്ടിപ്പും അര്‍ഹര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
അവകാശികളില്ലാതെ പൂര്‍ണമായും ഇല്ലാതായ കുടുംബങ്ങളേയും ഒന്നിലധികം തവണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പട്ടികയിലെ പോരായ്മ ദുരന്തബാധിതരെ ആശങ്കയിലാക്കിയിരിക്കുകയാണ്. മാത്രമല്ല, അര്‍ഹരായ നിരവധി കുടുംബങ്ങള്‍ ഇപ്പോഴും പട്ടിക പുറത്താണ്. ദുരന്തവുമായി ബന്ധപ്പെട്ട് രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി ലിസ്റ്റ് പരിശോധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കണം. ദുരന്തത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്നവരുടെ മുഴുവന്‍ ചികിത്സാചിലവും സര്‍ക്കാര്‍ ഏറ്റെടുക്കണം. ദുരന്തത്തില്‍ താമസസ്ഥലവും, കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയ ആളുകള്‍ക്ക് സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി നല്‍കാന്‍ നടപടി സ്വീകരിക്കണം. ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കണം. വീട് നല്‍കുമെന്ന് വാഗ്ദാനം ചെയ്ത ആളുകളുടെ യോഗം വിളിക്കുന്നതിന് മുമ്പ് ടൗണ്‍ഷിപ്പ് പദ്ധതികള്‍ക്കായുള്ള സ്ഥലം എവിടെയാണെന്ന് ഉറപ്പുവരുത്തണം. ടൗണ്‍ഷിപ്പ് പദ്ധതിയോട് താല്‍പര്യമില്ലാത്ത കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും വാങ്ങുന്നതിനായി സര്‍ക്കാര്‍ സാമ്പത്തികസഹായം നല്‍കി പ്രശ്‌നം പരിഹരിക്കണം. പുത്തുമലയിലടക്കം പുനരധിവാസം അനന്തമായി നീണ്ടതിനെ ദുരന്തബാധിതര്‍ ആശങ്കപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ദുരന്തബാധിതരുടെ ആശങ്കയകറ്റാന്‍ യുദ്ധകാലടിസ്ഥാനത്തില്‍ പുനരധിവാസം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാപ്രസിഡന്റ് ബൈജു ഐസക് അധ്യക്ഷനായിരുന്നു. സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ എം സി സെബാസ്റ്റ്യന്‍ യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ. വിജി വര്‍ഗീസ്, സജി കാപ്പംകുഴി, അഡ്വ. നാരായണന്‍, ഉല്ലാസ് ജോര്‍ജ്ജ്, എ സി ടോമി, ജോണി തോട്ടുങ്കര, എം ജി മനോജ്, കെ സി മാണി, ബിനോയി പി പി, തങ്കച്ചന്‍ മേപ്പാടത്ത് തുടങ്ങിയവര്‍ സംസാരിച്ചു.