ഉരുള്‍ദുരന്തം:വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കിയ ‘ഉയിര്‍പ്പ്’ വിദ്യാഭ്യാസപദ്ധതി നിശബ്ദ വിപ്ലവമായി മാറിയെന്ന് അഡ്വ.ടി സിദ്ധിഖ് എം എല്‍ എ

ഉരുള്‍ദുരന്തം:വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കിയ ‘ഉയിര്‍പ്പ്’ വിദ്യാഭ്യാസപദ്ധതി നിശബ്ദ വിപ്ലവമായി മാറിയെന്ന് അഡ്വ.ടി സിദ്ധിഖ് എം എല്‍ എ

കല്‍പ്പറ്റ : ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ദുരന്ത ബാധിതരായ വിദ്യാര്‍ഥികള്‍ക്കായി എം എല്‍ എ കെയര്‍ മലബാര്‍ ഗോള്‍ഡിന്റെ സഹായത്തോടെ നടപ്പിലാക്കിയ ‘ഉയിര്‍പ്പ്’ വിദ്യാഭ്യാസ പദ്ധതി നിശബ്ദ വിപ്ലവമായി മാറിയെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവയിലൂടെ ദീര്‍ഘകാല വിദ്യാഭ്യാസ പുനരധിവാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എം എല്‍ എ കെയറിന്റെ നേതൃത്വത്തില്‍ മലബാര്‍ ഗോള്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് രൂപപ്പെടുത്തിയ ഉയിര്‍പ്പ് പദ്ധതിയില്‍ ദുരന്തം നേരിട്ട് ബാധിച്ച വിദ്യാര്‍ഥികളാണ് ഉള്‍പ്പെട്ടിരിക്കുന്നത്.പദ്ധതിയുടെ ആനുകൂല്യം 143 വിദ്യാര്‍ഥികള്‍ക്കാണ് ലഭ്യമായിട്ടുള്ളത്. മൂന്ന് കോടി രൂപയോളമാണ് ഇതിനായി മലബാര്‍ ഗോള്‍ഡ് നീക്കിവെച്ചത്. ട്യൂഷന്‍ഫീസ്,ഹോസ്റ്റല്‍ ഫീസ്, മെസ്സ് ഫീസ്, ഇന്റേണ്‍ഷിപ്പ്,യാത്രാചിലവ് ഉള്‍പ്പെടെ വിദ്യാര്‍ഥിക്ക് കോഴ്‌സ് പൂര്‍ത്തീകരിക്കാനുള്ള പൂര്‍ണ സാമ്പത്തികസഹായമാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കിയത്.അതില്‍ ഏറ്റവും അവസാനമായി 2028ല്‍ പഠനം പൂര്‍ത്തിയാക്കുന്ന കുട്ടിക്ക് കാലക്രമമായിട്ടുണ്ടാവുന്ന കോഴ്‌സ് ഫീസിലും മറ്റുമുണ്ടാകാനിടയുള്ള വര്‍ധന മുന്‍കൂട്ടി കണ്ടുകൊണ്ടാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്.54 വിദ്യാര്‍ഥികള്‍ ഈ പദ്ധതിയിലൂടെ ഇതിനകം കോഴ്‌സ് പൂര്‍ത്തീകരിച്ചു കഴിഞ്ഞു.അതില്‍ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് മുപ്പതോളം വിദ്യാര്‍ഥികള്‍ മുന്നോട്ടുപോകുന്നു.കോഴ്‌സ് പൂര്‍ത്തീകരിച്ച 20 പേരില്‍ പത്തുപേര്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തുവരുന്നു.സാരജ്, വിഷ്ണു എന്നീ രണ്ട് വിദ്യാര്‍ഥികള്‍ക്ക് മലബാര്‍ ഗോള്‍ഡിന്റെ സ്ഥാപനത്തില്‍ തന്നെ ജോലി ലഭിച്ചിട്ടുണ്ട്.കൂടാതെ സിനഫോ സൊല്യൂഷന്‍സ്, ഭാരത് ബെന്‍സ് തുടങ്ങിയ വിവിധ സ്ഥാപനങ്ങളിലായി മറ്റുള്ളവരും ജോലി ചെയ്തുവരുന്നു.ബാക്കിയുള്ളവര്‍ക്ക് തൊഴില്‍ സാധ്യത ഉയര്‍ത്തുവാന്‍ തണല്‍ ലേണിംഗ് ഡെവലപ്പ്‌മെന്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ പങ്കാളിത്തതോടെ മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഒരു ഫിനിഷിംഗ് സ്‌കൂള്‍ ക്രമീകരിക്കുകയും,ഇന്റര്‍വ്യൂ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട് ഒരു ബയോഡാറ്റ തയ്യാറാക്കല്‍, മോക്ക് ഇന്റര്‍വ്യൂകള്‍,കരിയര്‍ വ്യക്തത,വ്യക്തിഗത മെന്ററിംഗ് തുടങ്ങിയ തയ്യാറെടുപ്പുകളും,അനുയോജ്യമായ ഇന്റേണ്‍ഷിപ്പുകളും തൊഴില്‍ അവസരങ്ങളും നേടാനുള്ള സാധ്യത മെച്ചപ്പെടുത്തുകയും ചെയ്തുവരുന്നതായും എം എല്‍ എ പറഞ്ഞു.

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിന് ശേഷം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വലിയ പ്രതിസന്ധിയാണ് നേരിട്ടത്.പല വിദ്യാര്‍ഥികളും മുന്നില്‍ വന്ന് കരഞ്ഞ സംഭവങ്ങളുണ്ടായിട്ടുണ്ട്. പലപ്പോഴും സര്‍ക്കാരിന് മുമ്പില്‍ ഈ വിഷയം അവതരിപ്പിച്ചെങ്കിലും കാലതാമസം നേരിട്ടാല്‍ വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തെ ബാധിക്കുമെന്ന് മനസിലാക്കിയതോടെയാണ് ഡാറ്റാ ശേഖരണം ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോയത്. രാജ്യത്തിനകത്തും പുറത്തുമുള്ള വിദ്യാര്‍ഥികളുടെ ഒരാളുടെ പോലും പഠനം മുടങ്ങാതെ മുന്നോട്ടുകൊണ്ടു പോകാന്‍ പദ്ധതികൊണ്ട് സാധിച്ചു. പദ്ധതിക്കൊപ്പം ഒപ്പം നിന്ന മലബാര്‍ ഗോള്‍ഡിന് നന്ദി പറയുകയാണെന്നും എം എല്‍ എ പറഞ്ഞു. മലബാര്‍ഗോള്‍ഡിനെ പോലെ യെനപൊയ ഡീംഡ് യൂണിവേഴ്‌സിറ്റി,നിഷില്‍ പോലുള്ള സ്ഥാപനങ്ങളും ദുരന്തബാധിതരായ വിദ്യാഭ്യാര്‍ഥികളുടെ ഉന്നതവിദ്യാഭ്യാസത്തിന് സഹായം നല്‍കിയിട്ടുണ്ട്. ഒരു ദുരന്തത്തില്‍ സമയോചിതമായി നടത്തിയ ഉത്തരവാദിത്വമായിരുന്നു ഈ വിദ്യാഭ്യാസപദ്ധതിയെന്നും അതിന് സഹായിച്ച എല്ലാവരോടുമുള്ള കൃതജ്ഞത രേഖപ്പെടുത്തുകയാണെന്നും എം എല്‍ എ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മലബാര്‍ ഗോള്‍ഡ് കല്‍പ്പറ്റ ബ്രാഞ്ച് മാനേജര്‍ വി എം അബൂബക്കര്‍,സി എസ് ആര്‍ ഹെഡ് അമീര്‍ അലി,ദില്‍ബിഷ്,അഡ്വ. പ്രണവ്,അസ്മിയ തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *