• admin

  • January 28 , 2020

വാഷിങ്ടണ്‍ :

ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണം യുഎസ് സൈനികരുടെ മസ്തിഷ്‌കത്തെ ബാധിച്ചതായി പെന്റഗണ്‍. ഇറാഖിലെ അല്‍ അസദ് എയര്‍ബേസില്‍ ഇറാന്‍ നടത്തിയ ആക്രമമാണ് 34 യുഎസ് സൈനികരുടെ മസ്തിഷത്തെ ബാധിച്ചിരിക്കുന്നത്.

മസ്തിഷ്‌ക ആഘാതം സംഭവിച്ച സൈനികരെ ജര്‍മനിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയമാക്കി. ഇവരില്‍ എട്ടുപേര്‍ ചികിത്സയ്ക്ക് ശേഷം യുഎസിലേക്ക് മടങ്ങി. ഇറാന്റെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ സൈനികര്‍ക്ക് തലവേദനയുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം വിവാദമായിരുന്നു. ഇവര്‍ നേരിട്ട ആഘാതത്തെ ട്രംപ് വിലകുറച്ചു കണ്ടെന്നായിരുന്നു വിമര്‍ശനം. 

ഞായറാഴ്ച രാത്രിയും ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ ആക്രമണമുണ്ടായി. റോക്കറ്റാക്രമണത്തില്‍ ജീവനക്കാരിലൊരാള്‍ക്ക് പരിക്കേറ്റു. എംബസി വളപ്പിനുള്ളിലെ ഭക്ഷണശാലയിലാണ് റോക്കറ്റ് പതിച്ചത്. ഈ മാസം മൂന്നാം വട്ടമാണ് ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ ആക്രമണമുണ്ടാവുന്നത്.