• admin

  • January 5 , 2020

തിരുവനന്തപുരം : തിരുവനന്തപുരം: ഡിസംബര്‍, ജനുവരി മാസങ്ങള്‍ മുമ്പെല്ലാം കേരളത്തിന് കുളിരുള്ള ഓര്‍മ്മകളാണ്. എന്നാല്‍ കുറച്ചു വര്‍ഷങ്ങളായി അത്ര കുളിരുളള പ്രഭാതങ്ങളല്ല കേരളത്തിലുളളത്. ഇത്തവണ ക്രിസ്മസിന് പോലും കേരളത്തില്‍ കാര്യമായ തണുപ്പുണ്ടായിരുന്നില്ല. ജനുവരി പിറന്നതും പൊള്ളുന്ന പകലുകളുമായിട്ടാണ്. ഇനിയുള്ള ദിവസങ്ങളിലും ചൂടുകൂടാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തല്‍ ഒരുദിവസത്തെ കുറഞ്ഞ താപനില കൂടി നല്‍ക്കുന്നതുകൊണ്ടാണ് രാത്രിയിലും രാവിലെയും ഉഷ്ണം അനുഭവപ്പെടുന്നത്. മുപ്പതുവര്‍ഷത്തെ ശരാശരിയെടുത്താല്‍ കുറഞ്ഞ താപനില ഒരു ഡിഗ്രിമുതല്‍ മൂന്നു ഡിഗ്രിവരെ കൂടിയിട്ടുണ്ട്. പകലും രാത്രിയും ഒരുപോലെ ചൂടു തുടരുന്നു. കഴിഞ്ഞ തവണ ഈ ദിവസങ്ങളില്‍ മൂന്നാറിലെ മഞ്ഞുവീഴ്ച വിസ്മയക്കാഴ്ചയായിരുന്നു. ഇപ്പോള്‍ മൂന്നാറില്‍ താപനില എട്ടുഡിഗ്രിയില്‍ താഴ്ന്നിട്ടില്ല. മറ്റു പ്രദേശങ്ങളിലാകട്ടെ ചൂട് ശരാശരിയില്‍ നിന്ന് മൂന്നു ഡിഗ്രിവരെ കൂടുതലാണ്. ചൂടുകൂടാന്‍ പല കാരണങ്ങളുണ്ട്. ഇത്തവണ കൂടുതല്‍ മഴയും കൂടുതല്‍ മേഘാവൃതവുമായ അന്തരീക്ഷമാണ് ഉണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ പറഞ്ഞു. താപനില ഇനിയും കൂടാനാണ് സാധ്യത. കഴിഞ്ഞ ഏതാനും വര്‍ഷമായി ഫെബ്രുവരി മുതല്‍ കേരളത്തിലെ താപനില സാധാരണയില്‍ നിന്ന് കൂടിവരുകയാണെന്നും അദ്ദേഹം പറഞ്ഞു. പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ താപനില കൂടിനില്‍ക്കുന്ന അവസ്ഥ തുടരുകയാണെന്ന് കൊച്ചിന്‍ ശാസ്ത്രസാങ്കേതിക സര്‍വകലാശാല കാലാവസ്ഥ ശാസ്ത്ര വകുപ്പിലെ ഡോ. അഭിലാഷ് പറഞ്ഞു.