• admin

  • January 11 , 2021

ജക്കാര്‍ത്ത : 50 യാത്രക്കാരും 12 ജീവനക്കാരുമായി ജാവ കടലില്‍ തകര്‍ന്നുവീണ ഇന്തോനേഷ്യന്‍ വിമാനമായ ശ്രീവിജയ എയറിന്റെ ബോയിംഗ് 737-500ന്റെ ബ്ലാക്ക് ബോക്സും മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തി. അപകടത്തില്‍പെട്ട ഒരാളും രക്ഷപെട്ടിട്ടില്ലെന്നാണ് വിവരം. വിമാനത്തിന്റെ പുറംചട്ടയുടെ ഭാഗവും ചക്രവും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, അപകടത്തിന്റെ കാരണം ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ല. ഇന്നലെ കാലാവസ്ഥ അനുകൂലമായതിനാല്‍ വിശദമായി തിരച്ചില്‍ നടത്താനായി. അതേസമയം, തെരച്ചില്‍ നടത്തുന്ന ഏജന്‍സിയില്‍നിന്ന് രണ്ട് ബാഗുകള്‍ ലഭിച്ചതായി ജക്കാര്‍ത്ത പൊലീസ് വക്താവ് യുസ്‍രി യൂനുസ് പ്രതികരിച്ചു. ആദ്യത്തെ ബാഗില്‍ യാത്രക്കാരുടെ സാധനങ്ങളും രണ്ടാമത്തേതില്‍ ശരീര ഭാഗങ്ങളുമാണ് ഉണ്ടായിരുന്നത്. സാധനങ്ങള്‍ പരിശോധിച്ചു വരികയാണെന്നും ജക്കാര്‍ത്ത പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി നിറുത്തിവച്ച തിരച്ചില്‍ ഞായറാഴ്ച പുലര്‍ച്ചെ വീണ്ടും ആരംഭിച്ചിരുന്നു. തെരച്ചിലില്‍ സഹായിക്കാനായി യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും രംഗത്തുണ്ട്.  തീഗോളമായി കടലില്‍ പതിച്ചു ജക്കാര്‍ത്തയിലെ ദ്വീപസമൂഹത്തിന് സമീപം മത്സ്യത്തൊഴിലാളികളാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കടലില്‍ കണ്ടെത്തിയത്. വിമാനം ഒരു തീഗോളമായി പടര്‍ന്ന് കടലില്‍ പതിക്കുന്നത് കണ്ടതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ശനിയാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് രണ്ടരയോടുകൂടി ജക്കാര്‍ത്തയുടെ വടക്കന്‍ തീരത്തെ ദ്വീപുകളിലുള്ള മത്സ്യത്തൊഴിലാളികള്‍ ഒരു സ്ഫോടന ശബ്ദം കേട്ടെന്നും വിവരമുണ്ട്. കനത്ത മഴയായതിനാല്‍ എന്താണ് സംഭവിച്ചതെന്ന് അവര്‍ക്ക് മനസിലായില്ല. വെള്ളം ഉയര്‍ന്നുപൊങ്ങുന്നതു കണ്ടു. എന്നാല്‍ സുനാമിയോ ബോംബ് വീണതോ ആകാമെന്ന നിഗമനത്തിലായിരുന്നു അവര്‍. വിമാനാവശിഷ്​ടങ്ങളും ഇന്ധനവും യാത്രക്കാരുടെതെന്ന്​ കരുതുന്ന വസ്​ത്രങ്ങളും കടലില്‍ ഒഴുകി നടക്കുന്നതായി കണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു .പിന്നീട്, സോനാര്‍ ഉപകരണം ഉപയോഗിച്ച്‌ രക്ഷാപ്രവര്‍ത്തകര്‍ നടത്തിയ തെരച്ചിലിനിടെ വിമാനത്തില്‍ നിന്നുള്ള സിഗ്​നലുകള്‍ കടലിനടിയില്‍ നിന്ന്​ ലഭിച്ചത്​ ​ആദ്യ ഘട്ടത്തില്‍ പ്രതീക്ഷ ഉയര്‍ത്തിയിരുന്നു. എന്നാല്‍, കനത്ത മഴയും മോശം കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി.  ബോയിംഗ് 737 27 വര്‍ഷം പഴക്കമുള്ള വിമാനമാണ് തകര്‍ന്നുവീണതെന്ന് ശ്രീവിജയ എയര്‍ അധികൃതര്‍ വ്യക്തമാക്കി. നേരത്തേ, അമേരിക്കയില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ഈ വിമാനം ഇപ്പോഴും പറക്കലിന് യോഗ്യമായിരുന്നു. വിമാനത്തിലെ സോഫ്റ്റ്‌വെയറും വ്യത്യസ്തമാണ്. അപകട ദിവസം പോണ്‍ടിയാനക്കിലേക്കും പാങ്കല്‍ പിനാംഗിലേക്കും വിമാനം പറന്നിരുന്നു. ഒരു മണിക്കൂര്‍ വൈകിയാണ് 2.36ന് വിമാനം ടേക്ക് ഓഫ് ചെയ്തത്. നാലു മിനിറ്റു കഴിഞ്ഞപ്പോള്‍ റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. അവസാനം എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് പൈലറ്റ് നല്‍കിയ വിവരം അനുസരിച്ച്‌ വിമാനം 29,000 അടി മുകളിലാണ് പറന്നിരുന്നത്. ഇന്തൊനേഷ്യയിലെ മൂന്നാമത്തെ വലിയ വിമാനക്കമ്ബനിയാണ് ശ്രീവിജയ.