ചീരാല്‍ : ദേശീയ തലത്തില്‍ ഇന്‍ഡ്യാ മുന്നണിയെ നയിക്കാനുളള പക്വത കോണ്‍ഗ്രസിനില്ലെന്ന് സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗവും റവന്യൂ മന്ത്രിയുമായ അഡ്വ. കെ രാജന്‍. സിപിഐ വയനാട് ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ചീരാലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് താത്പര്യമില്ലായിരുന്നു. കാലാവധി കഴിയാത്ത രാജ്യസഭ അംഗങ്ങളെ വരെ ലോക് സഭയിലേക്ക് മത്സരിപ്പിച്ചത് ആ പാര്‍ട്ടിയുടെ അപക്വ നിലപാടുകളാണ്. ജനാധിപത്യത്തെ അട്ടിമറിക്കാനായി ബിജെപി ഇതര സംസ്ഥാനങ്ങള്‍ക്കെതിരെ ഗവര്‍ണര്‍മാരെ ഉപയോഗിക്കുകയാണ്.മത ചിഹ്നങ്ങളെ ഭരണഘടനയുടെ ഭാഗമാക്കാന്‍ അനുവദിക്കില്ല. മത നിരപേക്ഷത സംരക്ഷിക്കാന്‍ കേരളത്തിലെ മന്ത്രിമാരും ഉണ്ടാകും. സാമ്പത്തികമായി കേരളത്തെ കേന്ദ്രം ഞെരുക്കുകയാണ്. വിദ്യഭ്യാസ മേഖലക്ക് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നില്ല.
ഓണക്കാലത്തേക്ക് ഭക്ഷ്യ വകുപ്പിന് ഒരു സഹായവും അനുവദിക്കില്ലെന്നാണ് കേന്ദ്ര തീരുമാനം. സാമൂഹിക സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കും. ചൂരല്‍മല ദുരന്ത ബാധിതരെ കേന്ദ്രം വഞ്ചിച്ചു. എല്ലാ ദുരിത ബാധിതരുടേയും സംരക്ഷണം സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് വരുത്തും. രാജ്യത്തിന്റെ ഭരണ ഘടനയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ക്രൂരമായ ഭരണകൂട നയമാണിത്. സോഷ്യലിസവും, മതേതരത്വവും ഭരണ ഘടനയില്‍ നിന്ന് മാറ്റാന്‍ സ്റ്റേറ്റ് സ്പോണ്‍സര്‍ ടെറിറിസം നടത്തുകയാണ്. ഫെഡറല്‍ സംവിധാനങ്ങള്‍ മുന്നോട്ട് പോകണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കന്നില്ല. ഫാസിസ്റ്റ് ഭരണകൂടത്തിന് അന്ത്യം കുറിക്കാന്‍ എല്ലാവരും ഒന്നിക്കണം. ഇന്‍ഡ്യാ മുന്നണിയെ സംഘപരിവാര്‍ ഭയപ്പെട്ടിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നാന്നൂറിലധികെ സീറ്റുകള്‍ നേടുമെന്ന ബിജെപിയുടെ പ്രഖ്യാപനത്തെ പരാജയപ്പെടുത്താന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു അധ്യക്ഷനായി. സംസ്ഥാന എക്സിക്യുട്ടീവ് അംഗം ടി വി ബാലന്‍ പ്രസംഗിച്ചു. പി എം ജോയി സ്വാഗതവും സി എസ് സ്റ്റാന്‍ലി നന്ദിയും പറഞ്ഞു.