ഇക്കോളജിക്കല്‍ സെന്‍സിറ്റീവ് ഏരിയ; 27ന് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫീസ് മാര്‍ച്ച് ആദിവാസി സമൂഹത്തെ അവഹേളിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം: കോണ്‍ഗ്രസ്

കല്‍പ്പറ്റ : എടവക ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍ വീട്ടിച്ചാല്‍ നാലു സെന്റ് കോളനിയില്‍ താമസിക്കുന്ന ചുണ്ടയുടെ മൃതദേഹം ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് കൊണ്ടുപോകാന്‍ സര്‍ക്കാര്‍ ആംബുലന്‍സ് വിട്ട് നല്‍കാത്തതിനാല്‍ ഓട്ടോറിക്ഷയില്‍ കൊണ്ട് പോകേണ്ടി വന്നത് സാംസ്‌കാരിക കേരളത്തിന് ആകെ അപമാനമാണെന്ന് ഡി സി സി ജനറല്‍ ബോഡിയോഗം പറഞ്ഞു. പാവപ്പെട്ട ആദിവാസി മാതനെ ജീപ്പില്‍ കെട്ടി വലിച്ചതും കേരളത്തിന് തീര്‍ത്താല്‍ തീരാത്ത നാണക്കേടാണ് വരുത്തിവെച്ചിട്ടുള്ളത്. ആദിവാസി ക്ഷേമത്തിന് പ്രത്യേക വകുപ്പും മന്ത്രിയും ഉള്ള കേരളത്തില്‍ ആദിവാസികള്‍ക്ക് ഉണ്ടായ ഈ ദുര്‍ഗതി സംബന്ധിച്ച് മറുപടി പറയേണ്ടത് സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രി ഒ ആര്‍ കേളുവാണ്. സ്വന്തം ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ട മന്ത്രി ഒരു ട്രൈബല്‍ പ്രമോട്ടറെ ബലിയാടാക്കി രക്ഷപ്പെടാനാണ് നോക്കുന്നത്. മാനന്തവാടി താലൂക്കില്‍ ഒരു ടി ഡി ഒ ഓഫീസും എടവക പഞ്ചായത്തില്‍ ഒരു ടി ഇ ഒ ഓഫീസും പട്ടിക വര്‍ഗ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമ്പോഴാണ് ഒരു ആദിവാസി സ്ത്രീയുടെ മൃതദേഹം ഒരു ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ട് പോകേണ്ട ഗതികേട് ബന്ധുക്കള്‍ക്ക് ഉണ്ടായത്.

ഈ സംഭവം നടന്നത് മുതല്‍ ഉത്തരവാദിത്വം സ്വന്തം വകുപ്പിന്റെ തലയില്‍ നിന്നും ഒഴിവാക്കാന്‍ പഞ്ചായത്ത് മെമ്പര്‍ക്ക് എതിരായി ആരോപണം ഉന്നയിക്കുകയാണ് മന്ത്രി. ആദിവാസി ക്ഷേമത്തിന് പൊതുഖജനാവില്‍ നിന്നും പണം നീക്കിവയ്ക്കുന്നത് പട്ടിക വര്‍ഗ ക്ഷേമ വകുപ്പിനാണ്, പഞ്ചായത്ത് മെമ്പര്‍ക്കല്ല. ആദിവാസികളെ ആശുപത്രിയില്‍ എത്തിക്കാനും തിരികെ വീട്ടില്‍ എത്തിക്കാനും ആംബുലന്‍സ് ഓടിയ വകയില്‍ മൂന്ന് മാസമായി ഉടമകള്‍ക്ക് പണം നല്‍കുന്നില്ല. അതാണ് മാനന്തവാടി മെഡിക്കല്‍ കോളജിലെ പ്രമോട്ടര്‍ക്കും എടവക ടി ഇ ഒക്കും ആംബുലന്‍സ് ഏര്‍പ്പെടുത്താന്‍ കഴിയാതെ പോയത് എന്നാണ് മനസിലാക്കുന്നത്. അത് സത്യമാണെങ്കില്‍ ആവശ്യമായ ഫണ്ട് പട്ടിക വര്‍ഗ ക്ഷേമ വകുപ്പിന്റെ താഴെ തട്ടിലുള്ള ഓഫീസുകള്‍ക്കും അനുവദിക്കാതെ വകുപ്പിനെ സമ്പൂര്‍ണ പരാജയത്തിലേക്ക് നയിച്ച വകുപ്പ് മന്ത്രിക്കാണ് ആദിവാസി സ്ത്രീയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയ സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം. മന്ത്രി എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ സ്ഥാനം രാജിവെക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇന്ത്യയുടെ ഭരണഘടനാ ശില്‍പിയായ ഡോ. ബി ആര്‍ അംബേദ്കറെ പാര്‍ലമെന്റില്‍ അവഹേളിച്ച അമിത്ഷാ ആഭ്യന്തര വകുപ്പ് രാജിവെക്കണമെന്നും, ഇന്ത്യന്‍ പാര്‍ലമെന്റില്‍ നിന്നും ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഫോറസ്റ്റിനോട് അടുത്ത് താമസിക്കുന്ന ജനതയെ ബാധിക്കുന്ന പ്രശ്‌നമായ ഇക്കോളജിക്കല്‍ സെന്‍സിറ്റീവ് ഏരിയയായി പ്രഖ്യാപിക്കുന്നതിനെതിരെ ഡിസംബര്‍ 27ന് സുല്‍ത്താന്‍ബത്തേരിയിലെ വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫീസ് മാര്‍ച്ച് നടത്തുന്നതിന് തീരുമാനിച്ചു. അടുത്ത ദിവസങ്ങളില്‍ കല്‍പ്പറ്റ, മാനന്തവാടി ഫോറസ്റ്റ് ഓഫീസുകളിലേക്കും മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചു. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അധ്യക്ഷനായിരുന്നു. അഡ്വ. സണ്ണി ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. അഡ്വ. ടി സിദ്ദിഖ് എം എല്‍ എ, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, പി കെ ജയലക്ഷ്മി, കെ എല്‍ പൗലോസ്, പി ടി ഗോപാലക്കുറുപ്പ്, ടി ജെ ഐസക്ക്, സി പി വര്‍ഗീസ്, വി എ മജീദ്, കെ വി പോക്കര്‍ഹാജി, എ പ്രഭാകരന്‍ മാസ്റ്റര്‍, ഒ വി അപ്പച്ചന്‍, എം എ ജോസഫ്, സംഷാദ് മരക്കാര്‍, എന്‍.എം. വിജയന്‍, എം ജി ബിജു, ഡി പി രാജശേഖരന്‍, ശ്രീകാന്ത് പട്ടയന്‍, പി ഡി സജി, ബിനു തോമസ്, ഒ ആര്‍ രഘു, പി കെ അബ്ദുറഹിമാന്‍, ജി വിജയമ്മ ടീച്ചര്‍, ബീന ജോസ്, പി ശോഭനകുമാരി, സില്‍വി തോമസ്, എം വേണുഗോപാല്‍, നിസി അഹമ്മദ്, എക്കണ്ടി മൊയ്തൂട്ടി, കമ്മന മോഹനന്‍, എടക്കല്‍ മോഹനന്‍, മോയിന്‍ കടവന്‍, എന്‍ യു ഉലഹന്നാന്‍, പി കെ കുഞ്ഞിമൊയ്തീന്‍, പി വി ജോര്‍ജ്ജ്, എച്ച് ബി പ്രദീപ് മാസ്റ്റര്‍, പി വിനോദ്കുമാര്‍, പോള്‍സണ്‍ കൂവക്കല്‍, ഉമ്മര്‍ കുണ്ടാട്ടില്‍, എ എം നിശാന്ത്, ജില്‍സണ്‍ തൂപ്പുങ്കര, ജിനി തോമസ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *