• admin

  • January 12 , 2020

മലപ്പുറം : മലപ്പുറം : ആശാപ്രവര്‍ത്തകരുടെ പ്രവര്‍ത്തങ്ങളില്‍ മലപ്പുറം ജില്ല ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ . നൂതനമായ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ഭംഗിയായി നടപ്പിലാക്കുക എന്ന മത്സരം എല്ലാ ജില്ലകളും തമ്മില്‍ നടന്നുകൊണ്ടിരിക്കുകയാണ്. അക്കൂട്ടത്തില്‍ ജില്ലയിലെ ആശാപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ നിഷേധിക്കാനാവാത്ത നേട്ടമാണെന്നും മന്ത്രി പറഞ്ഞു. 'നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം' എന്ന മുദ്രാവാക്യത്തോടെ ഒരു വര്‍ഷം നീളുന്ന ആര്‍ദ്രം ജനകീയ ക്യാമ്പയിനിങിന്റെ ജില്ലാതല ഉദ്ഘാടനവും ആശാ സമ്പൂര്‍ണ കമ്പ്യൂട്ടര്‍ സാക്ഷരത പ്രഖ്യാപനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ മുഴുവന്‍ ആശാ പ്രവര്‍ത്തകരെയും കമ്പ്യൂട്ടര്‍ സാക്ഷരതയുള്ളവരാക്കി മാറ്റിയ പ്രവര്‍ത്തനങ്ങള്‍ തികച്ചും അഭിനന്ദനീയമാണെന്നും മറ്റു ജില്ലകള്‍ക്കും കൂടി മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ സത്ജീവനം പാക്കേജ്, പാലിയേറ്റീവ് നഴ്‌സ് സമ്പൂര്‍ണ കമ്പ്യൂട്ടര്‍ സാക്ഷരത, ആശമാര്‍ക്കുള്ള സ്വയം പ്രതിരോധ പരിശീലനം 'ജ്വാല' എന്നിവയുടെ പ്രഖ്യാപനവും മന്ത്രി നിര്‍വഹിച്ചു. ആരോഗ്യകരമായ ജീവിതശൈലി രൂപീകരിക്കുന്നതിനുളള സന്ദേശങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുവാനും ജനങ്ങളുടെ ജീവിത ശൈലി മാറ്റിയെടുക്കാനുമായാണ് ആര്‍ദ്രം ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, യോഗാഭ്യാസമടക്കമുള്ള വിവിധ വ്യായാമമുറകള്‍, പുകയില ഉല്‍പ്പന്നങ്ങള്‍, മദ്യം, മയക്കുമരുന്ന് എന്നിവയില്‍ നിന്നുമുള്ള വിമുക്തി, ശുചിത്വശീലങ്ങളും മാലിന്യനിര്‍മ്മാര്‍ജ്ജനവും എന്നിവയാണ് ആര്‍ദ്രം ജനകീയ ക്യാമ്പയിനിങിന്റെ മറ്റ് ലക്ഷ്യങ്ങള്‍. ആശമാര്‍ കമ്പ്യൂട്ടര്‍ സാക്ഷരത നേടുന്ന ഇന്ത്യയിലെ ആദ്യ ജില്ല എന്ന നേട്ടം കൈവരിക്കുകയാണ് മലപ്പുറം ജില്ല. അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസുമായി സഹകരിച്ച് ദേശീയ ആരോഗ്യദൗത്യം മലപ്പുറമാണ് പദ്ധതി ആരംഭിച്ചത്. ജില്ലയിലെ 106 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 3225 ആശമാരാണ് കമ്പ്യൂട്ടര്‍ സാക്ഷരത നേടിയത്. ആശമാര്‍ കമ്പ്യൂട്ടര്‍ സാക്ഷരത നേടിയതിലൂടെ ഇഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതിനും ഡിജിറ്റലൈസ് ചെയ്യുന്ന റിപ്പോര്‍ട്ട് സംവിധാനത്തെ സഹായിക്കുന്നതിനും മുതല്‍ക്കൂട്ടാകും.