• admin

  • July 31 , 2021

കല്‍പ്പറ്റ : സുല്‍ത്താന്‍ബത്തേരി കോ-ഓപ്പറേറ്റീവ് അര്‍ബന്‍ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് രണ്ട് കോടി രൂപ കോഴവാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഡി സി സി സെക്രട്ടറി ആര്‍ പി ശിവദാസ് എഴുതിയെന്ന് പറയുന്ന ഒരു കത്തിന്റെ പേരിലാണ് ഈ ആരോപണമുന്നയിച്ചിരിക്കുന്നത്. എന്നാല്‍ ഈ കത്ത് താനെഴുതിയതല്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി കഴിഞ്ഞതാണ്. എങ്കിലും പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഇത്തരമൊരു ആരോപണം വരുമ്പോള്‍ അതിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്തേണ്ടത് എന്റെ കര്‍ത്തവ്യമാണ്. അതുകൊണ്ട് തന്നെ വ്യാജ കത്തിന്റെ ഉറവിടം കണ്ടെത്തണമെന്നാവശ്യപ്പെട്ട് കെ പി സി സി പ്രസിഡന്റിന് കത്ത് നല്‍കിയിട്ടുണ്ട്. മാത്രമല്ല, ഈ ആരോപണവുമായി ബന്ധപ്പെട്ട് മൂന്നംഗ സമിതിയെ വെച്ച് അന്വേഷിച്ചുവരികയുമാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി പൊതുപ്രവര്‍ത്തകനെന്ന നിലയിലും ജനപ്രതിനിധിയെന്ന രീതിയിലും വയനാട്ടുകാര്‍ക്ക് എന്നെയറിയാം. 2001 മുതല്‍ 2005 വരെയുള്ള വര്‍ഷത്തില്‍ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു. അതിന് ശേഷം തവിഞ്ഞാല്‍ ഡിവിഷനില്‍ നിന്നും വിജയിച്ച് വയനാട് ജില്ലാപഞ്ചായത്തംഗമായി. 2010-ല്‍ വീണ്ടും തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ മത്സരിച്ച് വിജയിച്ചെങ്കിലും ആറ് മാസത്തിന് ശേഷം 2011-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബത്തേരി നിയോജകമണ്ഡലത്തില്‍ മത്സരിക്കാന്‍ പാര്‍ട്ടി നിയോഗിച്ചു. മികച്ച ഭൂരിപക്ഷത്തിലാണ് അന്ന് വിജയിച്ചത്. 2016-ല്‍ വീണ്ടും മത്സരിക്കാന്‍ പാര്‍ട്ടി നിയോഗിച്ചപ്പോഴും, ഒടുവില്‍ 2021-ലും ബത്തേരിയിലെ നല്ലവരായ വോട്ടര്‍മാര്‍ വലിയഭൂരിപക്ഷത്തിലാണ് വിജയിപ്പിച്ചത്. മൂന്ന് തവണ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോഴും, മൂന്ന് തവണ നിയമസഭാസമാജികനായ ഘട്ടത്തിലും ഇന്ത്യന്‍ഭരണഘടന അനുസരിച്ച് ആറ് തവണ സത്യപ്രതിജ്ഞ ചെയ്തതാളാണ്. ഒരിക്കലും, സത്യപ്രതിജ്ഞ ലംഘനം നടത്തി മുന്നോട്ടുപോകാന്‍ ആഗ്രഹിച്ചിട്ടില്ല. രാഷ്ട്രീയ ജീവിതത്തില്‍ വ്യക്തിത്വം കളങ്കമില്ലാതെ സംരക്ഷിക്കണമെന്നാണ് ആഗ്രഹം. സാമ്പത്തികത്തിന് ആര്‍ത്തിയുണ്ടായിരുന്നെങ്കില്‍ ഇത്രയും കാലത്തെ രാഷ്ട്രീയജീവിതത്തില്‍ എന്തെല്ലാം നേടാമായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. സമൂഹത്തില്‍ മോശമായി ചിത്രീകരിക്കുന്നതിന് വേണ്ടി ചില മാധ്യമങ്ങള്‍ തന്നെ ബലിയാടാക്കുകയാണ്. അതിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകും, ഇതിന്റെ ഭാഗമായി വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം വാങ്ങി ജീവിക്കുകയെന്നത് പൊതുപ്രവര്‍ത്തകരെ സംബന്ധിച്ച് ഒരിക്കലും അംഗീകരിക്കാനില്ല. ഒരിക്കലും അഴിമതിയെ പ്രോത്സാഹിപ്പിക്കുന്ന കൂട്ടത്തിലുള്ള വ്യക്തിയല്ലാത്തതിനാലാണ് ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ പേരിലുള്ള എല്ലാ ആസ്തിയും പരിശോധിക്കണമെന്ന് സി പി എം ജില്ലാസെക്രട്ടറി ഒരു ചാനലില്‍ പറഞ്ഞിരുന്നു. സ്വന്തം പേരിലുള്ള ആസ്ഥിയും ആര്‍ക്കും പരിശോധിക്കാമെന്നും നിലവിലുള്ള ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് എം എല്‍ എ പറഞ്ഞു. ഇപ്പോള്‍ ഉപയോഗിക്കുന്ന വാഹനം എച്ച് ഡി എഫ് സി ബാങ്കില്‍ നിന്നും വായ്പയെടുത്ത് വാങ്ങിയതാണ്. ഇപ്പോള്‍ താമസിക്കുന്ന വീട് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 20 ലക്ഷം രൂപ ഭവനവായ്പയെടുത്ത് വാങ്ങിയതാണ്. ഇതുമായി ബന്ധപ്പെട്ട രേഖകളെല്ലാം അന്നത്തെ സ്പീക്കര്‍ക്ക് സമര്‍പ്പിച്ചതാണ്. 2005-ല്‍ ഭാര്യയുടെ പേരില്‍ ഒരു വീട് അനുവദിച്ചിരുന്നു. വാളാടുള്ള തറവാട്ടുസ്വത്തായ മൂന്ന് സെന്റ് ഭൂമിയില്‍ ആ വീടുണ്ട്. വേറെ എവിടെയും സ്വന്തമായി ഭൂമിയോ ആസ്തിയോ തനിക്കില്ല. എല്ലാവര്‍ഷവും എം എല്‍ എമാര്‍ അവരുടെ ആസ്തി ഗവര്‍ണര്‍ക്ക് നല്‍കണം. ഇത് കൃത്യമായി ഇത് സമര്‍പ്പിക്കുന്നയാളാണ്. തന്റെ ആസ്തി പരിശോധിക്കണമെന്നാവശ്യപ്പെട്ട് ബത്തേരി സി പി എം ഏരിയാസെക്രട്ടറി ഒപ്പിട്ട ഒരു പരാതി മീനങ്ങാടി വിജിലന്‍സിന് കൊടുത്തിട്ടുണ്ട്. ആ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ്. എന്റെയോ, സുഹൃത്തുക്കളുടെയോ, ജീവനക്കാരുടെയോ പേരില്‍ അനധികൃതമായി എന്തെങ്കിലും സാമ്പാദ്യങ്ങളുണ്ടെങ്കില്‍ കണ്ടെത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു. എന്റെ അച്ഛനും അമ്മയും ഇപ്പോഴും പഴയരീതിയില്‍ തന്നെയാണ് ജീവിക്കുന്നത്. മകന്‍ എം എല്‍ എയാണെന്ന് വെച്ച് അവര്‍ ആര്‍ഭാടജീവിതം നയിക്കുന്നവരല്ല. ഇപ്പോഴും തൊഴിലുറപ്പ് പദ്ധതി നടക്കുന്ന സ്ഥലത്ത് പോയാല്‍ അവരെ രണ്ടുപേരെയും കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു