• Lisha Mary

  • April 3 , 2020

ഗുവഹാട്ടി : അസമില്‍ 16 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ആറ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ അസം അതിര്‍ത്തി അടച്ചു. അസമില്‍നിന്ന് ആരും ഈ സംസ്ഥാനങ്ങളിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു. നിസ്സാമുദ്ദീനില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത 16 പേര്‍ക്കാണ് അസമില്‍ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേരുടെ പരിശോധനാഫലം വരാനുണ്ടെന്ന് അസം ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് അയല്‍ സംസ്ഥാനങ്ങള്‍ അതിര്‍ത്തി അടച്ചത്. ചരക്കുവാഹനങ്ങള്‍ മാത്രമെ അതിര്‍ത്തിയിലൂടെ കടത്തിവിടൂ. അതിര്‍ത്തി മേഖലയില്‍ ജാഗ്രത പാലിക്കണമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയും സമാനമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അസം അതിര്‍ത്തി അടച്ചതായി നാഗാലാന്‍ഡിലെയും മിസോറമിലെയും മണിപ്പൂരിലെയും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവും അതിര്‍ത്തിയില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ചു. നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, മണിപ്പുര്‍, മിസോറം, ത്രിപുര, മേഘാലയ എന്നീ വടക്കും കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ഇന്ത്യയുടെ മറ്റുഭാഗങ്ങളില്‍നിന്ന് അസം വഴിമാത്രമെ എത്തിച്ചേരാനാകൂ. നാഗാലാന്‍ഡ്, മേഘാലയ, ത്രിപുര സംസ്ഥാനങ്ങളില്‍ ഇതുവരെ ഒരാള്‍ക്ക് പോലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല.