• admin

  • January 28 , 2021

തിരുവനന്തപുരം : അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും വീട് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് പദ്ധതിയില്‍ രണ്ടരലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയതിന്റെ പ്രഖ്യാപനം നടത്തുകയായിരുന്നു മുഖ്യമന്ത്രി. വീട് ഒരു സ്വപ്‌നമായി കണ്ട്, ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാകാതെ മണ്ണടിഞ്ഞ് പോയ ധാരാളം പേരുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ അതിന് അന്ത്യം കുറിക്കാനാണ് പരിശ്രമിച്ചത്. അതിന് സംസ്ഥാനത്ത് നടക്കുന്ന വിവിധ പദ്ധതികളെ ഏകീകരിച്ച്‌ ലൈഫ് പദ്ധതി നടപ്പാക്കി. അതിന് നല്ലരീതിയിലുള്ള പ്രതികരണമുണ്ടായി. അങ്ങനെയാണ് ഇത്രയും ആളുകള്‍ക്ക് വീട് ഒരുക്കാന്‍ കഴിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. ധാരാളം പേര്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ കഴിയുന്നുണ്ട്.അവര്‍ക്ക് വീട് ഉറപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതോടൊപ്പം പദ്ധതി നടപ്പാക്കിയപ്പോള്‍ ഉയര്‍ന്ന പ്രശ്‌നം പലരുടെയും പേര് വിട്ടുപോയെന്നതാണ്. അപേക്ഷ നല്‍കിയവരില്‍ അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും വീട് നല്‍കും. ലൈഫ് മിഷന്‍ ചെയ്തത് അഭിമാനകരമായ കാര്യമാണ്. സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള പാര്‍പ്പിട വികസന പ്രവര്‍ത്തനമാണിത്. രാജ്യത്ത് തന്നെ സമാനമായ പദ്ധതി നടന്നിട്ടുണ്ടെന്ന് പറയാനാകില്ല. എല്ലാവര്‍ക്കും അന്തസോടെ ജീവിക്കുന്നതിനുള്ള സൗകര്യമാണ് സര്‍ക്കാര്‍ ഒരുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.