• admin

  • January 16 , 2022

തൃശൂർ : ട്രാൻസ്ജെൻ്റേഴ്സിൻ്റെ പുനർജന്മം മൊബൈൽ തട്ടുകട ഉദ്ഘാടനം ചെയ്തു   കലക്ട്രേറ്റ് ഉൾപ്പെടെയുള്ള സർക്കാർ കേന്ദ്രങ്ങളിൽ ട്രാൻസ്ജെൻ്റേഴ്സിന് തൊഴിലവസരങ്ങൾ ഒരുക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ട്രാൻസ്ജെൻ്റേഴ്സിനെ മുഖ്യധാരയിൽ കൊണ്ടുവരാൻ സമഗ്ര പദ്ധതികൾ വിഭാവനം ചെയ്യും. കുടുംബശ്രീ ട്രാൻസ്ജെൻ്റേഴ്സിൻ്റെ പുനർജന്മം മൊബൈൽ തട്ടുകട തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പല വിധത്തിൽ ചൂഷണത്തിന് വിധേയരാകുന്ന ട്രാൻസ്ജെൻ്റേഴ്സിന് അതിജീവനത്തിൻ്റെ വഴികൾ തുറന്ന് തൊഴിൽ ചെയ്ത് ജീവിക്കാൻ സാഹചര്യമൊരുക്കുന്ന കുടുംബശ്രീ ഇവർക്ക് സംരംഭങ്ങൾ തുടങ്ങാൻ സഹായിച്ച് ചേർത്തു നിർത്തുകയാണെന്നും മന്ത്രി പറഞ്ഞു.   തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ ടിൻഡെക്സ് 2022 വ്യവസായ കൈത്തറി പ്രദര്‍ശന മേളയ്ക്കെത്തിയ മലപ്പുറത്തെ കുടുംബശ്രീ ട്രാൻസ്ജെൻ്റേഴ്സ് കൂട്ടായ്മയാണ് പുനർജന്മം എന്ന പേരിൽ മൊബൈൽ തട്ടുകട ആരംഭിച്ചത്. മോനിഷ ശേഖർ, ആയിഷ സന, ജമീല, ഷംന എന്നിവരാണ് കോഴിക്കോട്ടെയും തൃശൂരിലേയും കുടുംബശ്രീയുടെ സഹായത്താൽ മൊബൈൽ തട്ടുകട തുടങ്ങിയത്. വിവിധ തരം ജ്യൂസുകൾ, സ്നാക്സ് എന്നിവ വിൽപന നടത്താൻ ഉദ്ദേശിച്ചാണ് ഉദ്യമം. പല വിധത്തിൽ ചൂഷണം നേരിടുന്ന തങ്ങളുടെ അതിജീവനവും പുനർജന്മവും കൂടിയാണ് ഈ മൊബൈൽ തട്ടുകടയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മോനിഷ ശേഖർ പറഞ്ഞു. കുടുംബശ്രീയുടെ പിന്തുണയ്ക്കും ട്രെയിനിങിനും അവർ പ്രത്യേകം നന്ദി അറിയിച്ചു. സമൂഹത്തിൽ നിന്ന് തങ്ങൾ നേരിടുന്ന വിഷമങ്ങൾ മോനിഷ മന്ത്രിയെ അറിയിച്ചു. ഉദ്ഘാടന പരിപാടിയിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ വി ജ്യോതിഷ്കുമാർ, അസി. ജില്ലാ മിഷൻ കോർഡിനേറ്റർ കെ രാധാകൃഷ്ണൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ. എസ്. കൃപകുമാർ, മാനേജർ സജി, ഐഫ്രം സി.ഇ.ഒ അജയ കുമാർ എന്നിവർ പങ്കെടുത്തു. ഉദ്ഘാടന പരിപാടിക്ക് ശേഷം വ്യവസായ വകുപ്പ് നടത്തുന്ന ടിൻഡെക്സ് വ്യാപാര മേള സ്റ്റാളുകൾ മന്ത്രി സന്ദർശിച്ചു. സംരംഭകരുടെ ഉൽപന്നങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞ മന്ത്രി കുടുംബശ്രീ ഫുഡ് കോർട്ടിൽ നിന്ന് ഒല്ലൂർ കൃഷി സമൃദ്ധിയുടെ മുരിങ്ങയില സൂപ്പും പുനർജന്മത്തിലെ ജ്യൂസുമെല്ലാം കുടിച്ചാണ് മടങ്ങിയത്.