• admin

  • March 22 , 2022

കൽപ്പറ്റ : സ്പന്ദനം മാനന്തവാടിയുടെ 16-ാം വാർഷികവും സമൂഹവിവാഹ സംഗമവും 27-ന് ഞായറാഴ്ച മാനന്തവാടിയിൽ നടക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .22 പേരുടെ വിവാഹം ഞായറാഴ്ച നടക്കും. രാവിലെ 11 മണിക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. സ്പന്ദനം ജീവകാരുണ്യ നിധിയിലേക്ക് റിഷി ഗ്രൂപ്പിൻ്റെ ഒരു കോടി രൂപ റിഷി എക്സിക്യുട്ടീവ് ഡയറക്ടർ ജോസഫ് ഫ്രാൻസിസ് വടക്കേടത്ത് കൈമാറും. സ്പന്ദനം പ്രസിഡണ്ട് ഡോ.എ. ഗോകുൽ ദേവ് അധ്യക്ഷത വഹിക്കും. സമകാലിക മലയാളി മനസ്സാക്ഷിയായിരുന്ന സുകുമാർ അഴീക്കോട് മാസ്റ്റർ 2006 ൽ ഉദ്ഘാടനം നിർവ്വഹിച്ച് മാനന്തവാടി കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന സന്നദ്ധപ്രവർത്തക കൂട്ടായ്മയാണ് സ്പന്ദനം. പത്ത് വർഷങ്ങൾക്കിപ്പുറം താന്നിക്കൽ സ്വദേശിയും ഗുജറാത്ത് കർണാടക സംസ്ഥാനങ്ങളിൽ വ്യവസായ സംരംഭങ്ങൾക്ക് ഉടമയുമായ ജോസഫ് ഫ്രാൻസിസ് വടക്കേടത്ത് അദ്ദേഹം സാരഥ്യം വഹിക്കുന്ന റിഷി ഗ്രൂപ്പ് കമ്പനിയുടെ സാമൂഹ്യസുരക്ഷാ നിധിയിൽ നിന്നുള്ള സംഭാവനകൾ ലഭ്യമാക്കി തുടങ്ങിയതോടെ സ്പന്ദനം കൂടുതൽ സജീവമായി മാറി. മാസംതോറും നിർധന രോഗികൾക്ക് ആവശ്യമായ ഔഷധങ്ങളും, ചികിത്സാ സഹായങ്ങളും, കിടപ്പുരോഗികളുടെ കുടുംബങ്ങൾക്ക് ഭക്ഷണപ്പൊതികളും, മക്കളുടെ വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായങ്ങളും നൽകി വരുന്നു. മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ പഠിക്കുന്ന സ്ഥാപനങ്ങളിലും വൃദ്ധമന്ദിരങ്ങളിലും, വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകുന്ന പദ്ധതികൾക്കും, സഹായം നൽകി വരുന്നു. ഡയാലിസിസ്കേന്ദ്രങ്ങളെ പിന്തുണയ്ക്കുന്നുണ്ടന്ന് സംഘാടക സമിതി ചെയർമാൻ ഫാ.വർഗീസ് മറ്റമന, കൺവീനർ ബാബു ഫിലിപ്പ് എന്നിവർ പറഞ്ഞു. 2018 പ്രളയകാലത്ത് ജില്ലയിലുടനീളം ഭക്ഷണപ്പൊതികളും പുതപ്പും, വസ്ത്രങ്ങളും വിതരണം ചെയ്തു. അതിനുപുറമേ പുനരധിവാസ പദ്ധതിയിൽ പത്ത് കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകി. സർക്കാർ പദ്ധതിയിൽ പൂർത്തിയാക്കാൻ സാധിക്കാതെ മുടങ്ങിപ്പോയ അമ്പതോളം വീടുകൾ പൂർത്തീകരിക്കുവാൻ സാധനസാമഗ്രികൾ നൽകി. 2019 ൽ വേമോം കോളനിയിൽ 25 ഓളം കുടുംബങ്ങൾക്കായി കുടിവെള്ള പദ്ധതി നടപ്പാക്കി. കോവിഡ് കാലത്ത് ചികിത്സ വസ്തുക്കളും, മുഖാവരണങ്ങളും, സാനിറ്റൈസറും വിതരണം ചെയ്തു . പട്ടികവർഗ്ഗ കോളനികളിൽ ചോർന്നൊലിക്കുന്ന കുറെയേറെ വീടുകളിൽ ഉന്നത ഗുണനിലവാരമുള്ള ഷീറ്റുകൾ മേഞ്ഞു നൽകി. "നാം രോഗികൾ ആകും മുമ്പേ നമുക്ക് രോഗികളെ സഹായിക്കാം' എന്ന ആപ്തവാക്യം അന്വർത്ഥമാക്കി അനേകം രോഗികൾക്ക് ആശ്രയമായി സ്പന്ദനം പ്രവർത്തിച്ചുവരുന്നു ; സ്പന്ദനത്തിന്റെ തുടിപ്പായിരുന്ന ഇബ്രാഹിം കൈപ്പാണി കഴിഞ്ഞവർഷം അപകടത്തിൽ മരിയ്ക്കും മുമ്പേ മുന്നോട്ടുവെച്ച നിർദേശമായിരുന്നു നിർദ്ധന യുവതികളുടെ വിവാഹ പദ്ധതി. ജോസഫ് ഫ്രാൻസിസിന്റെ രണ്ട് പുത്രന്മാരുടെ വിവാഹ സ്വീകരണത്തോടൊപ്പം കൈപ്പാണിയുടെ ആഗ്രഹത്തിന് സാഫല്യം നൽകുകയാണന്ന് ഭാരവാഹികൾ പറഞ്ഞു. 22 മിഥുനങ്ങളെ കുടുംബജീവിതത്തിലേക്ക് ആനയിക്കും. ചടങ്ങിൽ ജന പ്രതിനിധികൾ, സാമൂഹ്യ-സാംസ്കാരിക മേഖലയിലെ പ്രമുഖർ എന്നിവർ സംബന്ധിക്കും.   2018 ൽ റിഷി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ സഹായനിധിയായി അനുവദിച്ചത് 10 ലക്ഷം രൂപയായിരുന്നുവെങ്കിൽ 2022 - 23 ൽ അഞ്ച് വർഷങ്ങൾക്കിപ്പുറം ആവശ്യങ്ങളും ജീവകാ രുണ്യ പ്രവർത്തനങ്ങളും പല മടങ്ങ് വർദ്ധിച്ചതിന്റെ അടിസ്ഥാനത്തിൽ റിഷി സാമൂഹ്യ സുരക്ഷ നിധിയിൽ നിന്നും സ്പന്ദനത്തിനുള്ള വിഹിതം 1 കോടി രൂപയായി വർദ്ധിപ്പിക്കാമെന്ന് അതിന്റെ മുഖ്യ സാിയായ ജോസഫ് ഫ്രാൻസിസ് വാഗ്ദാനം ചെയ്തിട്ടുണ്ടന്നും ഇവർ പറഞ്ഞു. രോഗവും ദുരിതവും ഇല്ലാതാകുന്നത് വരെ 'സ്പന്ദനം' പ്രവർത്തനം തുടരണമെന്നാണ് ആഗ്രഹമെന്ന് ഭാരവാഹികൾ പറഞ്ഞു. ബേസിൽ ജോഷി, പി സി.ജോൺ മാസ്റ്റർ, മുസ്തഫ, കുര്യൻ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.