• admin

  • January 31 , 2020

ആലപ്പുഴ : സ്ത്രീയും സുരക്ഷയും എന്ന ലക്ഷ്യത്തോടെ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് സുരക്ഷായനം പദ്ധതി നടപ്പാക്കുന്നു. വനിതകള്‍ക്കായുള്ള കൗണ്‍സിലിംഗ്, കായിക പരിശീലനം, വിവിധ നിയമങ്ങള്‍ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള ബോധവത്കരണം തുടങ്ങിയവ ഉള്‍ക്കൊള്ളിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് 'സുരക്ഷായനം'. മുതുകുളം ബോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള എട്ട് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. മുതുകുളം ബ്ലോക്ക് പഞ്ചായത്തിലെ 2019-20ലെ വാര്‍ഷിക പദ്ധതിയില്‍ ഉല്‍പ്പെടുത്തി 4 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സ്ത്രീ സുരക്ഷക്കായുള്ള ജാഗ്രതാ സമിതികളെ ശക്തിപ്പെടുത്തുക, കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിച്ച് സ്ത്രീകള്‍ക്ക് പൊതുവായ സേവനം ഉറപ്പാക്കുക, ജെന്‍ഡര്‍ ഹെല്‍പ്പ് ഡസ്‌ക് രൂപീകരണം, അങ്കണവാടികള്‍ മുഖേന സ്ത്രീകള്‍ക്കായി ബോധവത്കരണ ക്ലാസ്സുകള്‍ തുടങ്ങിയവയാണ് മറ്റ് പ്രവര്‍ത്തനങ്ങള്‍. ബ്ലോക്കിന് കീഴിലുള്ള എല്ലാ പഞ്ചായത്തുകളിലും സുരക്ഷായനത്തിന്റെ ഭാഗമായി സുരക്ഷാ പരിശീലനങ്ങള്‍, ബോധവത്കരണ പരിപാടികള്‍, കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ എന്നിവ നടക്കുന്നുണ്ട്. മാര്‍ച്ച് 31ന് പദ്ധതി പൂര്‍ണ്ണതയിലേക്ക് എത്തുന്നതോടെ സ്ത്രീ സുരക്ഷാ പുരോഗതിയില്‍ അഭിമാനകരായ നേട്ടത്തിലേക്കാകും ബ്ലോക്ക് പഞ്ചായത്ത് ചുവട് വെക്കുക. രേഷ്മാ രാജാണ് മുതുകുളം ബ്ലോക്ക് പഞ്ചായത്തിലെ കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍.