• admin

  • January 4 , 2020

കൊല്ലം : കൊല്ലം :സ്തനാര്‍ബുദത്തെ ആത്മവിശ്വാസത്തോടെ നേരിടാന്‍ സജ്ജരാണ് മുഖത്തല ബ്ലോക്ക് പഞ്ചായത്തിലെ തൃക്കോവില്‍വട്ടം നിവാസികള്‍. ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ആശുപത്രി വിദഗ്ധ പാലിയേറ്റിവ് പരിചരണ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ സ്തനാര്‍ബുദ ബോധവത്ക്കരണ ശില്‍പശാലയാണ് രോഗഭീതിയില്‍ നിന്ന് അകന്ന് നില്‍ക്കാനുള്ള വിവരങ്ങള്‍ പകര്‍ന്ന് നല്‍കിയത്. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി ഉദ്ഘാടനം ചെയ്തു. സ്ത്രീകളിലാണ് ക്യാന്‍സര്‍ രോഗം കൂടുതലായി കണ്ടുവരുന്നത്. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കായി ക്യാമ്പുകള്‍ നടത്തി രോഗനിര്‍ണയം നടത്തി വരികയാണ് പ്രസിഡന്റ് പറഞ്ഞു. തൃക്കോവില്‍വട്ടത്ത് നടത്തിയ രോഗനിര്‍ണയ ക്യാമ്പില്‍ ഒരു വാര്‍ഡിലെ 80 പേര്‍ക്ക് സ്തനാര്‍ബുദം കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് ജില്ലാ ആശുപത്രി ഓങ്കോളജി വിഭാഗം മുഖേന ചികിത്സ നല്‍കുന്നു. ക്യാന്‍സര്‍ ചികിത്സാ രംഗത്ത് 17 വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ള ഡോ. അന്‍സാര്‍ സുഹാദ് സേട്ട് ശില്പശാലയ്ക്ക് നേതൃത്വം നല്‍കി. ക്യാന്‍സര്‍ രോഗികളും ആശാവര്‍ക്കര്‍മാരും ഉള്‍പ്പടെ 115 പേര്‍ പങ്കെടുത്തു. രോഗികള്‍ തങ്ങളുടെ അനുഭവങ്ങള്‍ ഡോക്ടറുമായി പങ്കുവെച്ചു.