• admin

  • January 28 , 2020

കാസര്‍കോട് : അര്‍ഹതപ്പെട്ട സഹായം അനുവദിക്കാതെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ ശ്വാസം മുട്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനുള്ള കാരണം അറിയാന്‍ പാഴൂര്‍പടി വരെ പോകേണ്ടതില്ല. ശരാശരി വിവരമുള്ള ആര്‍ക്കും അതറിയാം. വിദ്യാനഗഗറില്‍ എന്‍ജിഒ യൂണിയന്‍ ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2018 ലെ പ്രളയത്തില്‍ 38,000 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി ഐക്യരാഷ്ട്രസഭ കണക്കാക്കി. അര്‍ഹമായ സഹായം കേന്ദ്ര സര്‍ക്കാര്‍ തന്നില്ല. സഹായിക്കാന്‍ വന്നവരെയും തടഞ്ഞു. 2019 ലെ വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും കാലവര്‍ഷ കെടുതി അല്ലെന്നാണ് കേന്ദ്രം പറയുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കിയപ്പോള്‍ കേരളത്തിന് ഒരു പൈസ നല്‍കിയില്ല. ഇത്തരം ദുരന്തങ്ങളുണ്ടാകുമ്പോള്‍ കടമെടുക്കാന്‍ സംസ്ഥാനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാറുണ്ട്.സ്വാഭാവികമായുള്ള കടമെടുപ്പിന് പുറമെയാണിത്. അത് പറ്റില്ലെന്നാണ് കേന്ദ്രം പറയുന്നത്. സംസ്ഥാനത്തിന് കേന്ദ്രം നല്‍കാനുള്ള തുകയും തരുന്നില്ല. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നല്‍കാനുള്ള തുകയില്‍ ഒരു വിഹിതം അനുവദിച്ചതായി ഈയടുത്ത് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇതിന് പിന്നാലെ വന്നു പിന്‍വലിച്ചതായുള്ള നോട്ടീസ്. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കും പണം നല്‍കുന്നില്ല. ഇതൊന്നും നവകേരള നിര്‍മാണത്തെ ബാധിക്കാതെ നോക്കും. ഇതൊക്കയും അതിജീവിച്ച് പുതിയ കേരള സൃഷ്ടിക്കായി മുന്നോട്ട് നീങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.