• Lisha Mary

  • March 14 , 2020

ഇടുക്കി : ജില്ലയിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ സര്‍വ്വ സജ്ജമെന്ന് മന്ത്രി എം.എം.മണി. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി   കളക്ടറേറ്റില്‍ വിളിച്ച അടിയന്തിര യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗത്തെ കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഒരുമിച്ച് നിന്ന് നേരിടണമെന്നും അതിനായുള്ള മുന്‍കരുതലുകള്‍ ഒത്തൊരുമയോടെ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി ജില്ലയിലും ജാഗ്രത നിര്‍ദേശങ്ങളും മുന്‍കരുതലും പാലിക്കുന്നുണ്ട്. വലിയ തോതില്‍ ജനങ്ങള്‍ ഒന്നിച്ചു കൂടുന്ന ഉത്സവം, പെരുന്നാള്‍, വിവാഹം, പൊതുസമ്മേളനങ്ങള്‍ തുടങ്ങിയവക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വിദേശത്ത് നിന്നെത്തുന്നവരെ പരിശോധിക്കാനും, അവരുടെ വിവരങ്ങള്‍ ശേഖരിക്കാനുമുള്ള സംവിധാനങ്ങള്‍ വിമാനത്താവളത്തിലടക്കം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇവര്‍ക്കായി ശാസ്ത്രീയ ബോധവത്കരണത്തിനായുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന തലത്തില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുള്ളതിനാല്‍  ജില്ല ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും  നിര്‍ദേശം എല്ലാവരും പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍  റോഷി അഗസ്റ്റ്യന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.