• admin

  • February 9 , 2020

തിരുവനന്തപുരം : സംസ്ഥാനത്ത് മെഡിക്കല്‍ വിജിലന്‍സ് സെല്‍ രൂപീകരിക്കുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് സെല്‍ രൂപീകരിക്കുക. ഡിവൈഎസ്പിയാകും സെല്ലിന്റെ മേധാവി. മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസും കൈക്കൂലിയും തടയുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ആരോഗ്യ വകുപ്പിന്റെ ആവശ്യം ആഭ്യന്തര വകുപ്പ് അംഗീകരിച്ചു. അന്തിമ ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും. മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നത് ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ചില ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്ക് കൈക്കൂലി വാങ്ങുന്നു എന്ന പരാതിയും വ്യാപകമാണ്. ഡോക്ടര്‍മാരുടെ കൈക്കൂലി സംബന്ധിച്ച പരാതികളും സെല്‍ പരിശോധിക്കും. സെല്ലിലെ അംഗങ്ങളുടെ എണ്ണം, ഘടന എന്നിവ അന്തിമ ഉത്തരവില്‍ വ്യക്തമാക്കും. എന്നാല്‍ മേധാവിയുടെ തസ്തിക എസ് പി റാങ്കിലേക്ക് ഉയര്‍ത്തണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടു. സെല്ലില്‍ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.