• admin

  • February 8 , 2020

ന്യൂഡല്‍ഹി :

സര്‍ക്കാര്‍ ജോലിയിലെ സംവരണം മൗലിക അവകാശമല്ലെന്ന് സുപ്രീം കോടതി. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കു സംവരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കാന്‍ കോടതികള്‍ക്കാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ജോലിയിലോ പ്രമോഷനിലോ സംവരണം നല്‍കണോയെന്ന കാര്യം സര്‍ക്കാരിന്റെ വിവേചന അധികാരത്തില്‍ പെടുന്ന കാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സംവരണം നല്‍കണമെന്നത് നിര്‍ബന്ധമുള്ള കാര്യമല്ലെന്ന് എല്‍ നാഗേശ്വര്‍ റാവുവും ഹേമന്ദ് ഗുപ്തയും അടങ്ങിയ ബെഞ്ച് പറഞ്ഞു. 

ഭരണഘടനയുടെ പതിനാറാം അനുച്ഛേദപ്രകാരമാണ് എസ് സി, എസ്ടി വിഭാഗങ്ങള്‍ക്കു സംവരണം നല്‍കുന്നത്. സര്‍ക്കാര്‍ ജോലിയില്‍ സംവരണം ഏര്‍പ്പെടുത്തണമെന്ന് ഉത്തരവു നല്‍കാന്‍ കോടതിക്കാവില്ല. സ്ഥാനക്കയറ്റത്തില്‍ സംവരണം ഏര്‍പ്പെടുത്തണമെന്നു സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന ആവശ്യം തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. 

സ്ഥാനക്കയറ്റത്തില്‍ സംവരണം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനു തോന്നുന്ന പക്ഷം വിവേചന അധികാരം ഉപയോഗിച്ച് തീരുമാനമെടുക്കാമെന്ന് കോടതി വിശദീകരിച്ചു.