• admin

  • January 7 , 2020

: ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികളിലെ നിയമപ്രശ്നങ്ങളില്‍ വാദം കേള്‍ക്കാനുള്ള ഒമ്പതംഗ വിശാല ഭരണഘടനാ ബെഞ്ച് രൂപവത്കരിച്ചു. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെയാണ് ശബരിമല ബഞ്ചിന്റെ അധ്യക്ഷന്‍. ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, നാഗേശ്വര്‍ റാവു, എം.ശാന്തനഗൗഡര്‍, ബി.ആര്‍.ഗവായ്, എസ്.അബ്ദുള്‍ നസീര്‍, ആര്‍.സുഭാഷ് റെഡ്ഡി, സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലെ മറ്റുഅംഗങ്ങള്‍. നേരത്തെ ശബരിമല യുവതി പ്രവേശം പരിഗണിച്ചിരുന്ന അഞ്ചംഗ ബെഞ്ചിലെ അംഗങ്ങളായ ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, ആര്‍.എഫ്.നരിമാന്‍, ഖാന്‍ വില്‍ക്കര്‍ എന്നിവര്‍ ബെഞ്ചിലില്ല ഒന്‍പതംഗ ബെഞ്ച് ഈമാസം 13 മുതല്‍ വാദംകേള്‍ക്കും. ശബരിമല ഉള്‍പ്പെടെ സ്ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ട സമാന വിഷയങ്ങളില്‍ ഒന്‍പതംഗ ബെഞ്ചില്‍ നിന്നുണ്ടാകുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും പുനഃപരിശോധനാ ഹര്‍ജികള്‍ തീര്‍പ്പാക്കുക. ശബരിമലയിലെ സ്ത്രീവിലക്കിനു സാധുത നല്‍കിയ 1965-ലെ കേരള ഹിന്ദു പൊതു ആരാധനാലയ (പ്രവേശനം അനുവദിക്കല്‍) ചട്ടമാകും ഒന്‍പതംഗ ബെഞ്ച് മുഖ്യമായും പരിഗണിക്കുക. തുല്യതയും മതാനുഷ്ഠാനത്തിനുള്ള അവകാശവും തമ്മിലുള്ള ബന്ധം, ആചാരങ്ങള്‍ മതത്തിന്റെയോ പ്രത്യേക വിശ്വാസിസമൂഹത്തിന്റെയോ അവിഭാജ്യഘടകമാണോ എന്നത് കോടതിക്ക് എത്രമാത്രം പരിശോധിക്കാം, ഇതു സമുദായമേധാവികള്‍ തീരുമാനിക്കേണ്ടതാണോ, മതാചാരങ്ങള്‍ അതിനുപുറത്തുള്ളവര്‍ ചോദ്യംചെയ്യുന്നത് എത്രത്തോളം അംഗീകരിക്കാം തുടങ്ങിയ വിഷയങ്ങളും പരിശോധിച്ചേക്കും.