• admin

  • February 27 , 2020

കോഴിക്കോട് :

വെടിയുണ്ടയും തോക്കും കാണാതായ സംഭവത്തിലെ അന്വേഷണം ക്രൈംബ്രാഞ്ച് മേധാവി തച്ചങ്കരിയെ ഏല്‍പിച്ചത് കോഴിയെ സംരക്ഷിക്കാന്‍ കുറുക്കനെ ഏല്‍പിച്ചത് പോലെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നും ചെന്നിത്തല കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ഡി.ജി.പി.ക്കെതിരേയും ആഭ്യന്തര വകുപ്പിനെതിരേയും നിരവധി ആരോപണങ്ങള്‍ പ്രതിപക്ഷം കൊണ്ടുവന്നതോടെയാണ് ബദലായി മുന്‍മന്ത്രി വി.കെ. ശിവകുമാറിനെതിരേ ആരോപണവുമായി സര്‍ക്കാര്‍ എത്തിയത്. അദ്ദേഹത്തിനെതിരേയുള്ള പരാതി തലയും വാലുമില്ലാത്തതാണ്. സര്‍ക്കാരിനെതിരേ ഉയര്‍ന്നു വരുന്ന അഴിമതിയാരോപണങ്ങളെ വഴിമാറ്റാനാണ് മറ്റൊരു ആരോപണവുമായി എത്തിയത്. സര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ പുറത്ത് വരാതിരിക്കാന്‍ വിജിലന്‍സിനെ ഉപകരണമാക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെയും ചെന്നിത്തല അതിരൂക്ഷമായി വിമര്‍ശിച്ചു. വിജിലന്‍സിനെ ഡി.ജി.പി. തന്റെ കളിപ്പാവയാക്കാന്‍ നോക്കുകയാണ്. അവിടെ ഉദ്യോഗസ്ഥരെയടക്കം നിയമിക്കുന്നത് ഡി.ജി.പി.യുടെ നേതൃത്വത്തിലാണ്. വിജിലന്‍സ് ഡയറക്ടറുടെ ജോലി ഡി.ജി.പി. തന്നെ ചെയ്യുകയാണ്. തങ്ങള്‍ക്ക് ഇഷ്ടമുള്ളവരെ കുത്തിത്തിരുകി പ്രതിപക്ഷത്തെ വിജിലന്‍സിനെ ഉപയോഗിച്ച് വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ഇത്ര വലിയ ആരോപണങ്ങള്‍ ആഭ്യന്തര വകുപ്പിനെതിരേ വന്നിട്ടും മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നത് ഡി.ജി.പി.യെ സംരക്ഷിക്കാന്‍ വേണ്ടിയാണ്. ഇത് കുറ്റസമ്മതമാണ്. ഡി.ജി.പി. വിജിലന്‍സില്‍ നടത്തിയ എല്ലാ നിയമനങ്ങളും റദ്ദാക്കണം. ഇത്തരം നിയമനങ്ങള്‍ വിജിലന്‍സ് മാനുവല്‍ പ്രകാരം കുറ്റകരമാണ്. സാധാരണ വിജിലന്‍സിന്റെ യൂണിറ്റുകളില്‍ വിജിലന്‍സ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത് വിജിലന്‍സ് ഡയറക്ടറാണ്. എന്നാല്‍ പോലീസ് മേധാവി തന്നെ ഓരോ യൂണിറ്റിലേക്കും സ്വന്തക്കാരെ നിയമിക്കുന്നതിലൂടെ വിജിലന്‍സിന്റെ വിശ്വാസ്യതയാണ് ചോദ്യം  ചെയ്യപ്പെടുന്നതന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. 

അലന്‍-താഹ കേസില്‍ യു.എ.പി.എ. ചുമത്താനുള്ള എന്ത് തെളിവാണ് കിട്ടിയതെന്ന് പ്രതിപക്ഷനേതാവായ തന്നോട് രഹസ്യമായെങ്കിലും മുഖ്യമന്ത്രി പറയണമെന്നും  ചെന്നിത്തല ആവശ്യപ്പെട്ടു. അവരെ കേസില്‍ കുടുക്കിയതില്‍ ദുരൂഹതയുണ്ട്. സ്വന്തം പാര്‍ട്ടിക്ക് പോലും അറിയാത്ത എന്ത് കാരണമാണ് മുഖ്യന്ത്രിക്ക് കിട്ടിയതെന്നും ചെന്നിത്തല ആരാഞ്ഞു. അലനും താഹയും യു.ഡി എഫിന്റെ പ്രവര്‍ത്തകരായിരുന്നില്ല. സി.പി.എമ്മിന്റെ പ്രവര്‍ത്തകരായിരുന്നു. എന്നിട്ടും അവരെ കേസില്‍ കുടുക്കി. അവര്‍ കേരളത്തില്‍ ചെയ്തിട്ടുള്ള ഏതെങ്കിലും മാവോയിസ്റ്റ് പ്രവര്‍ത്തനത്തെ കുറിച്ച് മുഖ്യമന്ത്രി വിവരം നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

മാനുഷികപരിഗണന മുന്‍നിര്‍ത്തിയാണ് താനും പ്രതിപക്ഷ ഉപനേതാവും അവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തിയത്. കേസിന്റെ തുടക്കം മുതല്‍ തന്നെ, അവര്‍ മാവോയിസ്റ്റാണെന്ന് ഉറപ്പിച്ച് പറയുവാന്‍ മുഖ്യമന്ത്രിക്ക് എന്തുതെളിവാണ് കിട്ടിയതെന്നും അദ്ദേഹം ആരാഞ്ഞു.