• admin

  • January 31 , 2020

ന്യൂഡല്‍ഹി : ചൈനയിലെ വുഹാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുവരാന്‍ പ്രത്യേക വിമാനം പുറപ്പെട്ടു. ഇന്ത്യയിലേക്ക് തിരിച്ചെത്തുന്ന ഇവരെ പ്രതിരോധ നടപടികളുടെ ഭാഗമായി ഹരിയാനയിലെ മാനേസറില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക കേന്ദ്രത്തില്‍ പാര്‍പ്പിക്കും. കരസേനയുടെ നേതൃത്വത്തിലാണ് പ്രത്യേക കേന്ദ്രം ഒരുക്കിയിരിക്കുന്നത്. 300 പേരാണ് വുഹാനില്‍ നിന്നും നാളെ പുലര്‍ച്ചെ ഇന്ത്യയിലെത്തുന്നത്. വിമാനത്താവളത്തിലെത്തുന്ന ഇവരെ കരസേന മെഡിക്കല്‍ സര്‍വീസ്,-എയര്‍പോര്‍ട്ട് ഹെല്‍ത്ത് അതോറിറ്റി എന്നിവര്‍ ചേര്‍ന്ന് പരിശോധിച്ചതിനു ശേഷമാവും മാനേസറിലെ കേന്ദ്രത്തിലേക്ക് മാറ്റുക. രോഗബാധസംശയിക്കുന്നവര്‍(Suspected), രോഗബാധയുള്ളവരുമായി അടുത്ത് ഇടപഴകിയവര്‍(close contact), അല്ലാത്തവര്‍(non contact) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളയി തരംതിരിച്ചാണ് പരിശോധന നടത്തുക. തുടര്‍ന്ന് 14 ദിവസം ഇവര്‍ അതീവ നിരീക്ഷണത്തില്‍ തുടരും. ഈ കാലയളവില്‍ ഏതെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ ഡല്‍ഹിയിലെ ബേസ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റും.