• admin

  • October 1 , 2022

മീനങ്ങാടി : വാഹന പരിശോധന നടത്തുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ കൃഷ്ണഗിരി കാരായന്‍കുന്ന് കെ.ആര്‍ രാഹുല്‍ (26) നെ അറസ്റ്റ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനെതിരെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ലഹരി വസ്തുക്കളുടെ ഉപയോഗവും, വിപണനവും തടയുക എന്ന ലക്ഷ്യത്തോടെ മീനങ്ങാടി പൊലീസ് മീനങ്ങാടി ടൗണില്‍ പരിശോധന നടത്തുന്നതിനിടെ ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. വാഹന പരിശോധനക്കിടെ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന രാഹുലിനെ തടഞ്ഞു നിര്‍ത്തി വിലാസവും മറ്റും ചോദിച്ചറിയുന്നതിനിടയില്‍ ഇയാള്‍ പൊലീസിനെ അസഭ്യം പറയുകയും, കൈ ഉപയോഗിച്ചും ഹെല്‍മറ്റ് ഉപയോഗിച്ചും ആക്രമിച്ചതുമായാണ് പരാതി. ഇയാള്‍ മുമ്പ് ലഹരി വസ്തു വില്‍പ്പനയുള്‍പ്പെടെ വിവിധ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സംഭവ സമയം പ്രതി ലഹരി ഉപയോഗിച്ചിരുന്നോ എന്നുള്ളതടക്കം അന്വേഷിച്ചു വരുന്നതായും പൊലീസ് വ്യക്തമാക്കി.