• admin

  • January 17 , 2020

തിരുവനന്തപുരം : ജനസംഖ്യക്ക് ആനുപാതികമായി തദ്ദേശസ്ഥാപന വാര്‍ഡുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാന്‍ സര്‍ക്കാര്‍ നിയമസഭയില്‍ ബില്‍ കൊണ്ടുവരും. കേരള പഞ്ചായത്തിരാജ് ആക്ടും കേരള മുനിസിപ്പാലിറ്റി ആക്ടും ഭേദഗതി ചെയ്യുന്നതിനാണ് പുതിയ ബില്‍. ബില്‍ തയ്യാറാക്കി നിയമവകുപ്പിന് അടിയന്തരമായി നല്‍കാന്‍ മന്ത്രി എ സി മൊയ്തീന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു. ഈ മാസം അവസാനം തുടങ്ങുന്ന ബജറ്റ് സമ്മേളനത്തില്‍ ഫെബ്രുവരി ആദ്യത്തോടെ ബില്‍ അവതരിപ്പിക്കാനാണ് ശ്രമം. വാര്‍ഡ് അതിര്‍ത്തി പുനര്‍നിര്‍ണയത്തിന് ഓര്‍ഡിനന്‍സിറക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതാണ്. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കുകയോ മടക്കുകയോ ചെയ്തിട്ടില്ല. ചില ചോദ്യങ്ങള്‍ക്ക് മറുപടി വേണമെന്നാണ് ഗവര്‍ണറുടെ നിലപാട്. 26നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്. 27നു തന്നെ ഗവര്‍ണര്‍ക്ക് കൈമാറി. ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രണ്ടു തവണ ഗവര്‍ണര്‍ക്ക് കത്തുനല്‍കിയിരുന്നു. കത്ത് വിശദീകരണത്തിനായി മുഖ്യമന്ത്രിക്ക് കൈമാറി. തുടര്‍ന്ന് സര്‍ക്കാര്‍ വിശദ മറുപടിയും നല്‍കി. തദ്ദേശസ്ഥാപനങ്ങളുടെയല്ല വാര്‍ഡുകളുടെ അതിര്‍ത്തിയാണ് പുനര്‍നിര്‍ണയിക്കുന്നതെന്നും ഭരണഘടനയുടെ 243 അനുച്ഛേദം സി പ്രകാരവും പഞ്ചായത്തിരാജ് -മുനിസിപ്പാലിറ്റി ആക്ടും പ്രകാരവുമാണ് തീരുമാനമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചായത്തില്‍ വാര്‍ഡിന്റെ എണ്ണം കുറഞ്ഞത് 13 എന്നത് 14 ഉം കൂടിയത് 23 എന്നത് 24ഉം ആകും എന്നതാണ് പ്രധാന മാറ്റം. ബ്ലോക്ക് പഞ്ചായത്തിലും അംഗങ്ങളുടെ എണ്ണം വര്‍ധിക്കും. ജില്ലാ പഞ്ചായത്തില്‍ 17 മുതല്‍ 33 വരെയാകും. നിലവില്‍ 16 മുതല്‍ 32- വരെയാണ്. 25 അംഗങ്ങളുള്ള മുനിസിപ്പല്‍ കൗണ്‍സിലില്‍ 26 പേരും പരമാവധി 52 എന്നത് 53ഉം ആകും. ജനസംഖ്യ നാലുലക്ഷത്തില്‍ കവിയാത്ത കോര്‍പറേഷനില്‍ ഇപ്പോള്‍ 55 പേരാണുള്ളത്. അത് 56 ആകും. നാലുലക്ഷത്തിലധികം ഉള്ളിടത്തുള്ള 100 എന്നത് 101 ആകും.