• Anjana P

  • September 10 , 2022

കൽപ്പറ്റ : വയനാട് മെഡിക്കൽ കോളേജ് സമയബന്ധിതമായി പൂർത്തിയാക്കണമെന്നും, ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റിൽ നിന്നും ദാനമായി ലഭിച്ച മടക്കിമലയിലെ 50 ഏക്കർ സ്ഥലത്ത് തന്നെ നിർമ്മിച്ച് വയനാട്ടിലെ ജനങ്ങൾക്ക് ഉപകാരപ്രദമാക്കണമെന്നും മോട്ടോർ & എഞ്ചിനീയറിംഗ് വർക്കേഴ്സ് യൂണിയൻ വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജ് നിർമ്മാണവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ഒഴിവാക്കാനുള്ള താൽപര്യം ജില്ലാ ഭരണകൂടത്തിനും, ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികൾക്കും ഉണ്ടാവേണ്ടതുണ്ട്. അനാവശ്യമായ തെറ്റിദ്ധാരണകൾ പരത്തി ചിലർ നടത്തുന്ന കുപ്രചരണങ്ങൾ അവസാനിപ്പിച്ച് ധർമ്മസ്ഥാപനത്തിൻ്റെ നിർമ്മാണം അടിയന്തിരമായും പൂർത്തിയാക്കാൻ സർക്കാർ ആർജ്ജവം കാണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജ് മടക്കിമലയിൽ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് വയനാട് ജില്ലാ മോട്ടോർ ഫെഡറേഷൻ എസ്.ടി.യു. കേരള മുഖ്യമന്ത്രിക്ക് സപ്തംബർ 19 ന് 1000 കത്തുകൾ അയക്കുന്നതിനായി തീരുമാനിച്ചു. വയനാട് മെഡിക്കൽ കോളേജ് മടക്കിമലയിൽ അടിയന്തിരമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 15 ന് നടത്തുന്ന കലക്ടറേറ്റ് ധർണ്ണയിൽ എസ്.ടി.യു. മോട്ടോർ ഫെഡറേഷൻ പ്രവർത്തകർ സഹകരിക്കും. ന്യായമായ വയനാടൻ ജനതയുടെ ആവശ്യം നേടിയെടുക്കുന്നതിന് സമാന ചിന്താഗതിയുള്ളവരുമായി സഹകരിക്കാനും തീരുമാനിച്ചു. പ്രസിഡൻ്റ് രജീഷ് അലി അദ്ധ്യക്ഷത വഹിച്ചു. എം. അലി,പി. ഇബ്രാഹീം കുട്ടി ,മുനവ്വിർ അഞ്ചു കുന്ന് ,ടി.പി. ജമാൽ ,അഷ്റഫ് ബത്തേരി ,പി.കെ.ഇബ്രാഹീം ആബിദ് , സലീം മേപ്പാടി ,ഹംസ മൗലവി ,വി.എ. ബഷീർ , അസീസ് കൽപ്പറ്റ , മുജീബ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ശാഫി മക്ക സ്വാഗതവും ട്രഷറർ കെ.എം. അബൂബക്കർ നന്ദിയും പറഞ്ഞു.