• admin

  • April 12 , 2022

കല്‍പ്പറ്റ :   മാധ്യമ ജീവിതത്തില്‍ 30 വര്‍ഷങ്ങള്‍ പിന്നിട്ട വയനാട് പ്രസ് ക്ലബിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ടി.എം ജെയിംസ്, ഒ.ടി അബ്ദുല്‍ അസീസ്, പി.എം കൃഷ്ണകുമാര്‍ എന്നിവരെ ആദരിക്കലും സംസ്ഥാന മാധ്യമ അവാര്‍ഡുകള്‍ നേടിയവര്‍ക്കുള്ള അനുമോദന ചടങ്ങും നടത്തി. പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. സത്യസന്ധമായ മാധ്യമ വാര്‍ത്തകളാണ് ഭരണകൂടത്തിന്റെ സ്വാധീനിക്കുന്നത്. വയനാട് പോലുള്ള ജില്ലയില്‍ കാലാവസ്ഥ വ്യതിയാനമടക്കമുള്ള വിഷയങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്താന്‍ മാധ്യമങ്ങള്‍ക്കാവുമെന്നും ഇത് ഒരു നാടിന്റെ നിലനില്‍പിനാണ് കൈത്താങ്ങാവുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും അദ്ദേഹം നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ കേയംതൊടി മുജീബ് മുഖ്യാതിഥിയായി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ അദ്ദേഹം പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങില്‍ കുന്നംകുളം പ്രസ് ക്ലബിന്റെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള അവാര്‍ഡ് നേടിയ ഇല്ല്യാസ് പള്ളിയാലിന് ഒ.ടി അബ്ദുല്‍ അസീസ് വയനാട് പ്രസ് ക്ലബിന്റെ ഉപഹാരം നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ അവാര്‍ഡിന് അര്‍ഹനായ ഷമീര്‍ മച്ചിങ്ങലിന് പി.എം കൃഷ്ണകുമാറും രാംചന്ദ്ര പാസ്വാന്‍ സ്മാരക അവാര്‍ഡ് നേടിയ കെ.എസ് മുസ്തഫക്ക് എ.കെ ശ്രീജിത്തും സി.കെ ജയകൃഷ്ണന്‍ പുരസ്‌കാരം നേടിയ ജിതിന്‍ ജോയല്‍ ഹാരിമിന് എം.വി സിനോജും മിന സ്വാമിനാഥന്‍ ഫെല്ലോഷിപ്പ് നേടിയ നീനു മോഹന് കെ സജീവനും വയനാട് പ്രസ്‌ക്ലബിന്റെ ഉപഹാരങ്ങള്‍ സമ്മാനിച്ചു. ചടങ്ങില്‍ പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് നീനു മോഹന്‍ അധ്യക്ഷയായി. എം കമല്‍, എന്‍.എസ് നിസാര്‍, രവിച്രന്ദ സാഗര്‍, ഷിന്റോ ജോസഫ് സംസാരിച്ചു. ഒ.ടി അബ്ദുല്‍ അസീസ്, പി.എം കൃഷ്ണകുമാര്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി. പ്രസ് ക്ലബ് സെക്രട്ടറി നിസാം കെ അബ്ദുല്ല സ്വാഗതവും എ.എസ് ഗിരീഷ് നന്ദിയും പറഞ്ഞു.