• admin

  • April 12 , 2022

കൽപ്പറ്റ :   വയനാട് കാക്കവയലിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. തമിഴ്നാട് പാട്ടവയൽ സ്വദേശികളായ പുത്തൻപുരയിൽ പ്രവീഷ്, ഭാര്യ ശ്രീജിത, അമ്മ പ്രേമലത എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന രണ്ടര വയസ്സുകാരനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.     ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് അപകടം. കോഴിക്കോട് വിവാഹത്തിൽ പങ്കെടുത്ത് തിരിച്ച് വരുന്നതിനിടെ കാക്കവയൽ നഴ്സറി സ്റ്റോപ്പിന് സമീപത്ത് വെച്ച് നിയന്ത്രണം വിട്ട കാർ മിൽമയുടെ ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായി തകർന്നു. രണ്ടര വയസ്സുകാരൻ ആരവ് ഒഴിച്ച് കാറിലുണ്ടായിരുന്ന മൂന്നുപേരും മരിച്ചു. സുൽത്താൻ ബത്തേരി ഭാഗത്ത് നിന്ന് കൽപ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയിലാണ്, മാരുതി ആൾട്ടോ കാർ ഇടിച്ചത്. കാർ അമിത വേഗതയിലായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. മരിച്ച ശ്രീജിതയുടെ മൃതദേഹം കൽപ്പറ്റ ജനറൽ ആശുപത്രിയിലും പ്രവീഷിൻ്റെയും, പ്രേമലയുടെയും മൃതദേഹം കൽപ്പറ്റ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്. ദേശീയ പാതയിൽ കൊളഗപ്പാറ മുതൽ മുട്ടിൽ വരെയുള്ള ഭാഗങ്ങളിൽ അപകടങ്ങൾ തുടർകഥയാവുകയാണെന്നും വേഗത നിയന്ത്രിക്കാനും അപകടങ്ങൾ കുറക്കാനുമാവശ്യമായ അടിയന്തര ഇടപെടൽ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാവണമെന്നും നാട്ടുകാർ പറഞ്ഞു.