കൊച്ചി :
വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീ സംബന്ധിയായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഹാക്കത്തോണിന് തുടക്കമായി. 30 ടീമുകളിലായി 150-ല്‍പരം പേര്‍ കളമശ്ശേരി ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സില്‍ നടക്കുന്ന ഹാക്കത്തോണില്‍ പങ്കെടുക്കുന്നു.
ഹാക്കത്തോണില്‍ ടീമുകള്‍ സമര്‍പ്പിച്ച ആശയങ്ങള്‍ വിദഗ്ധ സമിതി വിശകലനം ചെയ്തതിനു ശേഷമാണ് വിജയികളെ പ്രഖ്യാപിക്കുന്നത്. വ്യക്തിപരമായും സാമൂഹികമായും സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ് ഹാക്കത്തോണിലൂടെ മത്സരാര്‍ഥികള്‍ കണ്ടുപിടിക്കേണ്ടത്. പരമാവധി ആറു പേരാണ് ഓരോ സംഘത്തിലുമുള്ളത്. അതില്‍ ഒരാള്‍ സ്ത്രീയായിരിക്കണമെന്ന നിബന്ധനയുമുണ്ട്.
ആര്‍ത്തവശുചിത്വവും ബോധവത്കരണവും, ആരോഗ്യവിദ്യാഭ്യാസവും നിരീക്ഷണവും, തൊഴിലിടങ്ങളിലെ സ്ത്രീയും തൊഴില്‍ സംസ്കാരത്തിലെ പുരോഗതിയും, സൈബര്‍ ഇടത്തിലെ അപകടസാധ്യതയെക്കുറിച്ചുള്ള ബോധവത്കരണം, അമ്മയാകുമ്പോള്‍ ലഭിക്കേണ്ട ഉപദേശവും നിരീക്ഷണവും, വാര്‍ധക്യകാല പരിചരണം എന്നിവയാണ് ഹാക്കത്തോണിന് നല്‍കിയിരിക്കുന്ന വിഷയങ്ങള്‍. തിങ്കളാഴ്ച 3.30 മുതല്‍ 5 മണിവരെ 'ഈച്ച്ഫോര്‍ ഈക്വല്‍' എന്ന വിഷയത്തിലാണ് വിദഗ്ധര്‍ നയിക്കുന്ന പാനല്‍ ചര്‍ച്ചയും നടക്കും.
സെന്‍റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ചിലെ സീനിയര്‍ പ്രോജക്ട് അസോസിയേറ്റ് ഷാന ഷിഹാബ്, ഈസ്റ്റേണ്‍ കോണ്‍ടിമെന്‍റ്സിലെ ഉത്പന്ന ഗവേഷണ-വികസന വിഭാഗം മേധാവി ശിവപ്രിയ ബാലഗോപാല്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സീനിയര്‍ ഫെലോ ലാബി ജോര്‍ജ്, ഗ്രീന്‍ പെപ്പര്‍ സിഇഒ കൃഷ്ണകുമാര്‍ എന്നിവരാണ് പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.