• admin

  • March 4 , 2020

ന്യൂഡല്‍ഹി : ലോക്പാല്‍ സംബന്ധിച്ച ചട്ടങ്ങള്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം പുറത്തിറക്കി. പ്രധാനമന്ത്രിക്കും, മുന്‍ പ്രധാനമന്ത്രിമാര്‍ക്കും എതിരായ അഴിമതി ആരോപണങ്ങള്‍ ലോക്പാലിന്റെ ഫുള്‍ ബെഞ്ച് പരിഗണിക്കുമെന്ന് ചട്ടത്തില്‍ വ്യക്തമാക്കുന്നു. പരാതികള്‍ പ്രാഥമികമായി പരിശോധിച്ച് തള്ളാനും ഫുള്‍ ബെഞ്ചിന് അധികാരം ഉണ്ടായിരിക്കും. എന്നാല്‍ എന്തുകൊണ്ടാണ് പരാതി തള്ളുന്നതെന്ന് വിശദീകരിക്കേണ്ടതില്ല. ലോക്പാല്‍ നിയമത്തിലെ 14-ാം വകുപ്പിലെ ഒന്നാം ഉപവകുപ്പ് പ്രകാരം പൊതു പ്രവര്‍ത്തകര്‍ക്കെതിരെ ലഭിക്കുന്ന പരാതികള്‍ ലോക്പാല്‍ പ്രാഥമികമായി പരിശോധിക്കുമെന്ന് ചട്ടത്തില്‍ വിശദീകരിക്കുന്നു. പ്രധാനമന്ത്രി, മുന്‍പ്രധാനമന്ത്രി എന്നിവര്‍ക്കെതിരെ ആണ് പരാതിയെങ്കില്‍ ലോക്പാലിന്റെ ഫുള്‍ ബെഞ്ച് ആണ് പരാതി പ്രാഥമികമായി പരിശോധിക്കുക. തുടര്‍ന്ന് പരാതിയില്‍ കഴമ്പില്ല എങ്കില്‍ കാരണം വ്യക്തമാക്കാതെ ലോക്പാലിന് തള്ളാം. പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ വിശദമായി വാദം കേള്‍ക്കാം. എന്നാല്‍ അത് രഹസ്യ വാദം ആയിരിക്കും. പരാതികളുമായി ബന്ധപ്പെട്ട ലോക്പാലിന്റെ നടപടികള്‍ പരസ്യപ്പെടുത്തേണ്ടതില്ലെന്നും ചട്ടങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരാതി കേന്ദ്രമന്ത്രിമാര്‍ക്കോ, എം.പി മാര്‍ക്കോ എതിരെയാണെങ്കില്‍ പ്രാഥമികമായി വാദം കേള്‍ക്കേണ്ടത് മൂന്ന് അംഗങ്ങളില്‍ കുറയാത്ത ലോക്പാല്‍ ബെഞ്ച് ആയിരിക്കണം എന്നും ചട്ടത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ചട്ടം നിലവില്‍ വന്നതോടെ ജസ്റ്റിസ് പി.സി ഘോഷിന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ചിന് പരാതി ലഭിച്ചാല്‍ ലോക്പാലിന്റെ അന്വേഷണ വിഭാഗത്തിന് പ്രാഥമിക അന്വേഷണത്തിനായി കൈമാറാം. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ ലോക്പാലിന് സി.ബി.ഐ പോലുള്ള അന്വേഷണ ഏജന്‍സിയെ കൊണ്ട് അന്വേഷണം നടത്തിക്കാം. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പരാതിക്കാരനെ സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം. എന്നാല്‍ പരാതിക്കാരന് പേര് പരസ്യപ്പെടുത്തുന്നതില്‍ ബുദ്ധിമുട്ടില്ലെങ്കില്‍ രഹസ്യ സ്വഭാവം കാത്ത് സൂക്ഷിക്കേണ്ടതില്ലെന്നും ചട്ടത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ലോക്പാല്‍ രൂപീകൃതമായി ഒരു വര്‍ഷത്തിന് ശേഷം ആണ് ചട്ടം രൂപീകരിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കുന്നത്.