• admin

  • January 3 , 2020

ന്യൂഡല്‍ഹി : ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ നിന്നും പശ്ചിമ ബംഗാളിനും മഹാരാഷ്ട്രക്കും പുറമെ കേരളവും പുറത്ത്. മൂന്നാം ഘട്ട പരിശോധനയിലാണ് കേരളത്തിന്റെ ടാബ്ലോ പുറത്തായത്. ഇതോടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ശക്തമാവുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തന്നെ നടക്കുന്ന സംസ്ഥാനങ്ങളാണ് കേരളവും ബംഗാളും. ഇരു സംസ്ഥാനങ്ങളുടെയും ടാബ്ലോകള്‍ റിപ്പബ്ലിക് ദിന പരേഡിനില്ല. മഹാരാഷ്ട്രയും നേരത്തെ ഒഴിവാക്കപ്പെട്ടിരുന്നു. കലാമണ്ഡലം, വള്ളംകളി, ആനയെഴുന്നള്ളത്ത്, മോഹിനിയാട്ടം, തെയ്യം, കഥകളി, ചെണ്ടമേളം തുടങ്ങി കേരളത്തിന്റെ സാംസ്‌കാരിക ചിഹ്നങ്ങളില്‍ ചിലത് അടങ്ങുന്ന ടാബ്ലോ മാതൃകയാണ് കേരളം സമര്‍പ്പിച്ചത്. വികസന പ്രവര്‍ത്തനങ്ങളും ജലം സംരക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങളും ഉള്‍ക്കൊള്ളുന്നതായിരുന്നു ബംഗാളിന്റേത്. 56 അപേക്ഷകളായിരുന്നു റിപ്പബ്ലിക് ദിന പരേഡിലെ ടാബ്ലോകള്‍ അവതരിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ എത്തിയിരുന്നത്. പ്രതിരോധ വകുപ്പാണ് അപേക്ഷകള്‍ പരിശോധിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത്. അഞ്ച് ഘട്ടങ്ങളിലായാണ് അപേക്ഷകള്‍ പരിശോധിക്കുക. മൂന്നാം ഘട്ടത്തിലാണ് കേരളം പുറത്തായത്. ബംഗാളും മഹാരാഷ്ട്രയും രണ്ടാം ഘട്ടത്തില്‍ പുറത്തായിരുന്നു. ബംഗാളി കലാകാരന്‍ ബാപ്പ ചക്രിവര്‍ത്തിയാണ് കേരളത്തിന്റെ ടാബ്ലോ ഒരുക്കിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കേരളം നാല് തവണ പരേഡില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയിട്ടുണ്ട്.