കൽപ്പറ്റ : മുൻ മന്ത്രിയും ജനതാദൾ എസ് ദേശീയ നേതാവുമായിരുന്ന പ്രൊഫ. എൻ.എം ജോസഫിന്റെ നിര്യാണത്തിൽ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി. പകരം വയ്ക്കാനില്ലാത്ത രാഷ്ട്രീയ ഗുരുവിന്റെ ഈ വേര്‍പാട് തീരാനഷ്ടമെന്നാണ് ജുനൈദ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്. 2009 ൽ എൻ.എം ജോസഫ് ജനതാദൾ എസിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നപ്പോൾ ജുനൈദ് കൈപ്പാണി വിദ്യാർത്ഥി ജനതാദളിന്റെ സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു. ആ കാലഘട്ടത്തിലെ അനുഭവങ്ങളൊക്കെയാണ് ജുനൈദ് തന്റെ അനുശോചന കുറിപ്പിൽ വൈകാരികമായി പങ്ക് വെക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം... ''കറകളഞ്ഞ രാഷ്ട്രീയ പ്രവർത്തനത്തിന്റെ വക്താവും പ്രയോക്താവുമായിരുന്ന, പിതൃതുല്യനായിരുന്ന,എന്റെ രാഷ്‌ട്രീയ ഗുരുനാഥൻമാരിൽ ഒരാളായിരുന്ന,എനിക്കേറെ പ്രിയപ്പെട്ട പ്രൊഫ.എൻ.എം ജോസഫ് സർ വിടപറഞ്ഞിരിക്കുന്നു.. മുൻ മന്ത്രിയും ജനതാദൾ എസ് ദേശീയ വൈസ് പ്രസിഡന്റുമായിരുന്ന പ്രൊഫ.എൻ.എം.ജോസഫ് സർ 'രാപ്പാർത്ത നഗരങ്ങൾ' എന്ന എന്റെ കൃതി കോവിഡ് കാലത്ത് പോസ്റ്റൽ വഴി കൈപ്പറ്റി ആശംസകൾ അറിയിച്ച് മകൻ ഉണ്ണിയേട്ടന്റെ വാട്സാപ്പിൽ അയച്ചു തന്ന ഫോട്ടോയാണ് ഈ കുറിപ്പിനോടൊപ്പം കാണുന്നത്. വിദ്യാഭ്യാസ കാലഘട്ടത്തിലെ സുവർണ്ണാവസരങ്ങളിലൊന്നായി വിലയിരുത്തുന്നത് വിദ്യാർത്ഥി ജനതാദളിന്റെ സംസഥാന പ്രസിഡന്റായി വിനീതൻ 2009ൽ നിയോഗിക്കപ്പെട്ടതാണ്. പ്രിയപ്പെട്ട എൻ.എം.ജോസഫ് സർ ആയിരുന്നു അന്ന് ജനതാദൾ(എസ്)ന്റെ സംസ്ഥാന പ്രസിഡന്റ്. അദ്ദേഹത്തിന്റെ ശിക്ഷണത്തിലും കരുതലിലും വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനം നടത്താൻ സാധിച്ചത് മഹത്തായൊരു ഭാഗ്യമായി കരുതുന്നു. കേരള രാഷ്ട്രീയത്തിൽ സ്വാതിക പരിവേഷമുണ്ടായിരുന്ന സമീപ കാലത്തെ അപൂർവം നേതാക്കളിൽ ഒരാളായിരിക്കും ഒരു പക്ഷെ ജോസഫ് സാർ. രാഷ്ട്രീയത്തിന്റെ വഴികളിൽ ഉള്ളിലേക്കു നടക്കൽ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ആശ്ചര്യജനകമോ അത്ഭുതാവഹമോ ആകാറുണ്ട്.അങ്ങനെയൊരു അത്ഭുത വ്യക്തിത്വമായിരുന്നു ജോസഫ് സാർ. ഒപ്പം പ്രവർത്തിച്ച ചുരുങ്ങിയ കാലഘട്ടം കൊണ്ട് തന്നെ ആ പ്രതിബദ്ധയുടെയും പ്രതിഭത്വത്തിന്റെയും ആഴത്തിലുള്ള വേരുകൾ നേരിൽ കാണാൻ സാധിച്ചു. 2010 ലെ ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പിൽ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ LDF സ്ഥാനാർഥിയായി ജനതാദൾ എസ് ടിക്കറ്റിൽ മത്സരിച്ച എന്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ വെള്ളമുണ്ട എട്ടേനാലിൽ ജോസഫ് സാർ പങ്കെടുത്തു പ്രസംഗിച്ച വാക്കുകൾ ഞാനിന്നും നന്ദിയോടെ ഓർക്കുന്നു. വാശിയേറിയ മത്സരത്തിനൊടുവിൽ നാമമാത്ര വോട്ടുകൾക്ക് അന്ന് ഞാൻ പരാജയപ്പെട്ടു. M.Com.പൂർത്തിയായ എന്നെ തിരുവനന്തപുരം കേന്ദ്രീകരിച്ചു B.Ed.ചെയ്യാൻ പ്രേരിപ്പിച്ചതും ജോസഫ് സാറാണ്. അത്രത്തോളം ശ്രദ്ധയോടെയും കരുതലോടെയും ഞങ്ങളുടെയൊക്കെ കാര്യങ്ങൾ പരിഗണിച്ചിരുന്ന പ്രിയ നേതാവായിരുന്നു ജോസഫ് സർ. ത്വാതികനും സ്വാതികനുമായ രാഷ്ട്രീയപ്രവർത്തകനായിരുന്നു. ഈ അടുത്ത കാലത്തും സമൂഹത്തിൽ ഇങ്ങിനെയൊക്കെയുള്ള രാഷ്ട്രീയക്കാർ ജീവിച്ചിരിപ്പുണ്ടായിരുന്നോ എന്നു സംശയിക്കുന്നവരുണ്ടാകും. കോട്ടയം പാലായിലെ അരുണാപുരം നീണ്ടുകുന്നേൽ തറവാട്ടിൽ വാർധക്യ സഹജമായ പ്രയാസങ്ങളാൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു ജോസഫ് സാർ അത്തരത്തിൽ മാതൃകാ രാഷ്ട്രീയ പ്രവർത്തനം നടത്തിയ അപൂർവം ചിലരിൽ ഒരാളായിരുന്നു. സംഭവബഹുലമായ ജീവിതാനുഭവങ്ങൾ വെളിപ്പെടുത്തിയ ഒരു രാഷ്ട്രീയ ആത്മകഥയാണ് എൻ.എം.ജോസഫ് സാറിന്റെ 'അറിയപ്പെടാത്ത ഏടുകൾ'. രണ്ടാം നയനാർ മന്ത്രിസഭയിൽ വനം മന്ത്രിയായി ആ മന്ത്രിസഭയുടെ ഏതാണ്ടുമുഴുവൻ കാലവും അംഗമായിരുന്ന എൻ.എം. ജോസഫ് സാറിന്റെ ആത്മകഥയായ അറിയപ്പെടാത്ത ഏടുകൾ പുതിയ കാല രാഷ്ട്രീയ വിദ്യാർത്ഥിയെ സംബന്ധിച്ചു നിർബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണ്. വിദ്യാർത്ഥിരാഷ്ട്രീയത്തിലൂടെ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച എൻ.എം. അടിയന്തിരാവസ്ഥയിലെ ജനതാ തരംഗത്തിലാണ് ജനതാപാർട്ടിയിലെത്തുന്നത്. സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടിയശേഷം പാലാ സെന്റ് തോമസ് കോളജിൽ അധ്യാപകനായി ഉദ്യോഗസ്ഥജീവിതം ആരംഭിച്ച അദ്ദേഹം പാർട്ടിപ്രവർത്തനത്തോടൊപ്പം അധ്യാപകസംഘടനാപ്രവർത്തനവും കൊണ്ടുപോയി. 1982-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. ഘടകകക്ഷിയായ ജനതാപാർട്ടിക്ക് വിട്ടുകൊടുത്ത പൂഞ്ഞാർ മണ്ഡലത്തിൽ സാക്ഷാൽ പി.സി. ജോർജ്ജിനോടെതിരിടാൻ നിയുക്തനായി. ആദ്യ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും 1987-ലെ അടുത്ത തിരഞ്ഞെടുപ്പിലും പി.സി.യോട് നിശ്ചയദാർഢ്യത്തോടെ പൊരുതാനിറങ്ങി. എന്നാൽ രണ്ടാമൂഴം കാര്യങ്ങൾ അനുകൂലമാക്കുകയും നിയമസഭാംഗമാകുകയും ചെയ്തു. ഇ.കെ.നയനാരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാറിൽ ജനതയ്ക്ക് അന്ന് രണ്ടുമന്ത്രിസ്ഥാനങ്ങൾ കിട്ടിയിരുന്നു. അധികാരരാഷ്ട്രീയത്തിന്റെ തെറ്റായ പ്രവണതകളിൽ ഒരിക്കലും ഉൾപ്പെടാത്ത ആളായിരുന്ന സർവ്വസമ്മതനായ എൻ.എം.ജോസഫ് സാറിന് കന്നി എം.എൽ.എ. പദവിയോടൊപ്പം മന്ത്രിസ്ഥാനവും ലഭിച്ചു. അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവമായിരിക്കും അങ്ങനെയൊരു നിയോഗത്തിനു കാരണം. വനംവകുപ്പ് മന്ത്രിയായിരുന്ന നാളുകളിൽ അദ്ദേഹം നേരിട്ടറിയാൻ ഇടയായ പല അഴിമതികളുടെയും തട്ടിപ്പുകളുടെയും പിന്നാമ്പുറങ്ങൾ തന്റെ ആത്മകഥയിൽ കൃത്യമായി വെളിപ്പെടുത്തുന്നുണ്ട്. ആദിവാസികളുടെ പേരിലും സാമൂഹ്യവനവത്കരണത്തിന്റെ പേരിലും ഗവേഷണത്തിന്റെ പേരിലും ഒക്കെ നടക്കുന്ന പലതും തിരിച്ചറിയാനും അതിനൊക്കെ തടയിടാനും അദ്ദേഹം ആകുംവിധം ശ്രമിച്ചതായും അറിയപ്പെടാത്ത ഏടുകൾ രേഖപ്പെടുത്തുന്നുണ്ട്. ഒപ്പം ഗ്വാളിയോർ റയോൺസ്, കണ്ണൂർ വളപട്ടണത്തെ വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ്‌സ് തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ സംസ്ഥാനത്തിന്റെ വിഭവങ്ങൾ ചുളുവിലയ്ക്ക് തട്ടിയെടുക്കുന്നതിൽനിന്നും തടയാൻ നടത്തിയ ശ്രമങ്ങളും ഒരു മന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന്റെ ആർജ്ജവത്തോടെയുള്ള നടപടികളുടെ സാക്ഷ്യമാകുന്ന വിവരണങ്ങൾ അറിയപ്പെടാത്ത ഏടുകളിൽ നമുക്ക് കാണാം. വിദ്യാർത്ഥി കോൺഗ്രസ്സിൽനിന്നും യൂത്ത് കോൺഗ്രസ്സിലും പിന്നെ സംഘടനാ കോൺഗ്രസ്സിലും എത്തിയ എൻ.എം. ജോസഫ് സർ ജീവിതത്തിൽ അടിയുറച്ച ആദർശത്തിലും സംശുദ്ധരാഷ്ട്രീയത്തിലും ഉറച്ചു നിന്നിരുന്നു. അതിനാലാണ് കോൺഗ്രസ്സ് പിളർന്ന് ഇന്ദിര കോൺഗ്രസ്സും പാർട്ടി കോൺഗ്രസ്സും രൂപപ്പെട്ടപ്പോൾ മാതൃസംഘടനയായ പാർട്ടി കോൺഗ്രസ്സിൽ ഉറച്ചുനിന്നത്. അടിയന്തിരാവസ്ഥയ്ക്കു ശേഷം നിജലിംഗപ്പ, മൊറാർജി ദേശായി, നീലം സജ്ജീവ റെഡ്ഡി തുടങ്ങിയവരുൾപ്പെട്ട സംഘടനാ കോൺഗ്രസ്സ്; റാം മനോഹർ ലോഹ്യ, എച്ച്.വി. കാമത്ത്, ജോർജ് ഫെർണാൻഡെസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് പാർട്ടി; എ.ബി. വാജ്‌പേയ്, എൽ.കെ.അദ്ധ്വാനി, മുരളീമനോഹർ ജോഷി തുടങ്ങിയവർ നേതാക്കളായുള്ള ജനസംഘം; ചരൺസിംഗിന്റെ ഭാരതീയ ലോക്ദൾ എന്നീ പാർട്ടികൾ ഒരുമിച്ച് ജനതാപാർട്ടി രൂപീകരിച്ചപ്പോൾ അതിലായി പ്രവർത്തനം. പിന്നീട് ജനതപിളർന്നപ്പോൾ എൻ.എം.ജോസഫ് സാർ ജനതാദളിൽ ഉറച്ചുനിന്നു, അവസാനം വരെയും അങ്ങനെ തുടർന്നു. കേരള രാഷ്ട്രീയം എന്നും ഓർമ്മിച്ചിരിക്കേണ്ട ഒരു വ്യക്തിത്വത്തെയാണ് 'അറിയപ്പെടാത്ത ഏടുകൾ' രേഖപ്പെടുത്തിയത്. കേരള രാഷ്ട്രീയത്തിന്റെ മാത്രമല്ല, മൊറാർജി മന്ത്രിസഭക്കാലത്തും പിന്നീട് വി.പി. സിംഗ്, ചന്ദ്രശേഖർ തുടങ്ങിയവരുടെ കാലത്തുമൊക്കെ ദേശീയ ഭരണകക്ഷിയായിരുന്ന ജനത-ജനതാദൾ അംഗം എന്ന നിലയിൽ ദേശീയരാഷ്ട്രീയത്തിലെ മാറ്റങ്ങളെയും പ്രസക്തമായ രീതിയിൽ എൻ.എം. ജോസഫ് സർ ആത്മകഥയിൽ സ്മരിക്കുന്നുണ്ട്. ചന്ദ്രശേഖറിന്റെ ഭാരത യാത്രയെക്കുറിച്ചുള്ള വിവരണം ഒരുപക്ഷേ, ഇതിനകം ഒട്ടുമിക്ക സ്മൃതിമണ്ഡലങ്ങളിൽനിന്നും അപ്രത്യക്ഷമായൊരു രാഷ്ട്രീയകാലഘട്ടത്തെ ജോസഫ് സാർ തന്റെ ആത്മകഥയിലൂടെ സജീവമാക്കിയിരുന്നു. ''ജന്മംകൊണ്ട് ഞാനൊരു ക്രിസ്ത്യാനിയാണ്; സാംസ്‌കാരികമായാകട്ടെ ഹിന്ദുവും; എന്നാൽ ആത്മീയദർശനങ്ങളുടെ കാര്യത്തിൽ ബുദ്ധിസത്തോടാണ് എനിക്ക് ചായ്‌വ്' എന്ന് സ്വയം വിവരിച്ചയാളാണ് എൻ.എം. സംസ്‌കാരസമ്പന്നനായ ഒരു പൊതുപ്രവർത്തകന്റെയും സമർത്ഥനായ അധ്യാപകന്റെയും ജീവിതകഥ നമുക്ക് സമർപ്പിക്കപ്പെട്ടത് സമീപകാല കേരള രാഷ്ട്രീയത്തിന്റെ ഉള്ളറകളിൽനിന്നുളള നേർക്കാഴ്ചകളാണ്.'' എന്ന് ജോസഫ് സാറിന്റെ ആമുഖക്കുറിപ്പിൽ ശ്രീ. സക്കറിയ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അത് അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് ഓരോ വായനക്കാരനും മനസ്സിലാകും. പ്രിയ നേതാവിന്റെ ദീപ്തമായ ഓർമ്മകൾക്ക് മുന്നിൽ ആദരവുകളോടെ... ജുനൈദ് കൈപ്പാണി ചെയർമാൻ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി