• admin

  • January 30 , 2020

കോഴിക്കോട് : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ എം.കമലം (95) അന്തരിച്ചു. രാവിലെ ആറുമണിയോടെ കോഴിക്കോട്ടെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം വൈകീട്ട് അഞ്ചുമണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും. കരുണാകരന്‍ മന്ത്രിസഭയില്‍ 82 മുതല്‍ 87 വരെ സഹകരണമന്ത്രിയായിരുന്നു എം.കമലം. ഇന്ദിരാഗാന്ധിയുമായി അടുത്ത ബന്ധമാണ് ഇവര്‍ക്കുണ്ടായിരുന്നത്. വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍, കെ.പി.സി.സി. വൈസ് പ്രസിഡന്റ്, ജനറല്‍സെക്രട്ടറി, എ.ഐ.സി.സി. അംഗം തുടങ്ങിയ നിലകളില്‍ ഏഴുപതിറ്റാണ്ടുകാലം പൊതുരംഗത്ത് കര്‍മനിരതയായിരുന്നു എം.കമലം. 1946ല്‍ അപ്രതീക്ഷിതമായാണ് കമലം രാഷ്ട്രീയത്തിലേക്കു കടന്നത്. കോഴിക്കോട് നഗരസഭയിലെ മൂന്നാം വാര്‍ഡില്‍ വനിതാസംവരണമായിരുന്നു. നേതാക്കള്‍ വീട്ടില്‍വന്ന് കുതിരവണ്ടിയില്‍ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അന്ന് കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ഘട്ടംഘട്ടമായ വളര്‍ച്ചയാണ് കമലത്തിന്റെ രാഷ്ട്രീയജീവിതത്തിലും പൊതുജീവിതത്തിലുമുണ്ടായത്. ഇതിനുള്ള ഏറ്റവുംമികച്ച തെളിവാണ് കെ.സി. അബ്രഹാം കെ.പി.സി.സി. പ്രസിഡന്റായപ്പോള്‍ കമലം ജനറല്‍ സെക്രട്ടറിയായത്. സി.കെ.ഗോവിന്ദന്‍ നായരെയും കുട്ടിമാളുവമ്മയെയുമാണ് രാഷ്ട്രീയഗുരുക്കളായി കമലം കാണുന്നത്. സംഘാടകയെന്ന രീതിയില്‍ കമലത്തിന്റെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളിലൊന്ന് 1954ല്‍ കണ്ണൂര്‍ കേന്ദ്രമായി 200 മഹിളാ സഹകരണസംഘങ്ങളും സമിതികളും രൂപവത്കരിച്ചതാണ്. പാര്‍ട്ടിതന്നെയാണ് ഈ ചുമതലയും കമലത്തെ ഏല്‍പ്പിച്ചത്. 1958ല്‍ കണ്ണൂരില്‍ നടന്ന കെ.പി.സി.സി. സമ്മേളനത്തില്‍ ഇരുപതിനായിരത്തിലേറെ സ്ത്രീകളെ പങ്കെടുപ്പിച്ചതോടെ ഇന്ദിരാഗാന്ധിയുടെ മനസ്സില്‍ കമലം ഇടംനേടി. കോണ്‍ഗ്രസിന്റെ കേരളത്തിലെ മഹിളാവിഭാഗം കണ്‍വീനറായി തിരഞ്ഞെടുക്കപ്പെട്ടു. 1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്ത് അതിനെതിരായി കോഴിക്കോട്ട് സംഘടനാ കോണ്‍ഗ്രസ് കളക്ടറേറ്റ് പിക്കറ്റ് ചെയ്തപ്പോള്‍ അറസ്റ്റിലായി ജയില്‍വാസമനുഷ്ഠിച്ചു. ഇതിനിടെ സംഘടനാ കോണ്‍ഗ്രസ് ജനതാപാര്‍ട്ടിയായി. തുടര്‍ന്നു നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടി സ്ഥാനാര്‍ഥിയായി കോഴിക്കോട്ട് മത്സരിച്ച് പരാജയപ്പെട്ടു. ജനതാപാര്‍ട്ടി വിട്ട് ജനത(ഗോപാലന്‍)യില്‍ ചേര്‍ന്ന കമലം പിന്നീട് ഇത് കോണ്‍ഗ്രസില്‍ ലയിച്ചപ്പോള്‍ കോണ്‍ഗ്രസില്‍ത്തന്നെ തിരിച്ചെത്തി. 1980ല്‍ കോഴിക്കോട്ടുനിന്ന് നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു. 1982ല്‍ കല്പറ്റയില്‍ നിന്നു മത്സരിച്ച് കെ. കരുണാകരന്‍ മന്ത്രിസഭയില്‍ സഹകരണമന്ത്രിയായി. ജനസേവനത്തിന്റെ ഔന്നിത്യങ്ങളിലേക്ക് കയറിപ്പോയപ്പോഴെല്ലാം മുനിസിപ്പാലിറ്റിയിലെ പ്രവര്‍ത്തനപരിചയമായിരുന്നു തുണച്ചത്. ഭര്‍ത്താവ് പരേതനായ മാമ്പറ്റ സാമിക്കുട്ടി രാഷ്ട്രീയത്തിലും സാഹിത്യത്തിലും സംസ്‌കൃതത്തിലുമെല്ലാം താത്പര്യമുള്ളയാളായിരുന്നു. അതുകൊണ്ടുതന്നെ കമലത്തിന്റെ പ്രസംഗത്തിലും അതിന്റെ സ്വാധീനമുണ്ടായി. എം.യതീന്ദ്രദാസ് ,പത്മജ ചാരുദത്തന്‍, എം. മുരളി, എം. രാജഗോപാല്‍, എം. വിജയകൃഷ്ണന്‍ എന്നിവരാണ് മക്കള്‍.