• admin

  • June 17 , 2021

കല്‍പ്പറ്റ : മുട്ടില്‍ മരംകൊള്ള ഹൈക്കോടതിയുടെ മേല്‍നോട്ടത്തിൽ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. മരംകൊള്ള നടന്ന മുട്ടില്‍ സൗത്ത് വില്ലേജിന് കീഴിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മരംകൊള്ളക്കാരെ സംരക്ഷിക്കാനുള്ള നടപടിയെ യു ഡി എഫ് ശക്തമായി എതിര്‍ക്കും. സമരപരിപാടികളെ കുറിച്ച് കൂടിയാലോചന നടത്തി പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ബെന്നിബെന്നനാന്‍ എം പിയുടെയും, തൃശ്ശൂര്‍, പാലക്കാട്, അടക്കമുള്ള ജില്ലകളില്‍ ടി എന്‍ പ്രതാപന്‍ എംപിയുടെ നേതൃത്വത്തിലുമുള്ള യു ഡി എഫ് പ്രതിനിധിസംഘങ്ങള്‍ മരംമുറിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ഇവിടെ നിന്നുമുള്ള റിപ്പോര്‍ട്ട് ശേഖരിച്ച് ജനങ്ങളിലേക്കെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വില്ലേജ് ഓഫീസറെ മാത്രം സസ്‌പെന്റ് ചെയ്തത് കൊണ്ട് കാര്യമില്ല. റെവന്യു വകുപ്പിന്റെ പൂര്‍ണമായ ഉത്തരവാദിത്വം ഈ മരം കൊള്ളക്കുണ്ടായിട്ടുണ്ട്. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വനംകൊള്ളക്ക് കുട പിടിച്ചുകൊടുക്കുന്ന സമീപനമാണ് സ്വീകരിച്ചത്. മരം മുറിച്ചവരെ മാഫിയ എന്ന് വിളിക്കരുതെന്നാണ് അദ്ദേഹം പറയുന്നത്. എസ് സി, എസ് ടി വിഭാഗത്തില്‍പ്പെട്ടവരെയും കര്‍ഷകരെയും കബളിപ്പിച്ചുകൊണ്ടാണ് മുട്ടിലില്‍ മരംകൊള്ള നടന്നിരിക്കുന്നത്. 2020 ഒക്‌ടോബര്‍ 24ന് ഇറക്കിയ ഉത്തരവ് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ പിന്‍വലിക്കുകയായിരുന്നു. ഈ ഉത്തരവിന്റെ മറവില്‍ എട്ട് ജില്ലകളിലാണ് മരംകൊള്ള നടന്നിരിക്കുന്നത്. വിവാദ ഉത്തരവ് പിന്‍വലിച്ചതിന് ശേഷവും വീട്ടിമരം മുറിച്ചുമാറ്റിയതായാണ് കണ്ടെത്താന്‍ സാധിച്ചത്. ഈ ഉത്തരവ് ഗൂഡാലോചന നടത്തി മരം കൊള്ള നടത്താന്‍ ഉണ്ടാക്കിയതാണ്. മുഖ്യമന്ത്രിയും, മന്ത്രിമാരും അറിഞ്ഞുകൊണ്ടാണ് ഈ ഉത്തരവ് നടപ്പിലാക്കിയത്. ആദിവാസി വിഭാഗത്തില്‍പ്പെട്ടവരുടേയും, കര്‍ഷകരുടെയും പേരില്‍ കേസെടുത്ത് വനംകൊള്ളക്കാരെ സംരക്ഷിക്കാനുള്ള നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. കര്‍ഷകരുടെയും, ആദിവാസി വിഭാഗത്തില്‍പ്പെട്ടവരുടെയും ഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധമുണ്ടാക്കി മരംകൊള്ളക്കാരെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2017-ല്‍ നടന്ന സര്‍വകക്ഷിയോഗത്തില്‍ ചട്ടത്തില്‍ ആവശ്യമായ ഭേദഗതി വരുത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കിയത് വനംകൊള്ളക്കാര്‍ക്ക് വേണ്ടിയായിരുന്നു. സര്‍ക്കാരിന്റെ അവസാനകാലത്തിറക്കിയ ഈ ഉത്തരവ് രാഷ്ട്രീയതീരുമാനമാണ്. കോവിഡിന്റെയും, പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെയും മറവില്‍ വനംമാഫിയക്ക് മരംകൊള്ള നടത്താനുള്ള സൗകര്യമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇത്തരത്തിലൊരു ഉത്തരവ് വന്നതിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കാതെ ഈ വിവാദ ഉത്തരവിനെ മുഖ്യമന്ത്രിയും മുന്‍മന്ത്രിമാരും, ഇപ്പോഴത്തെ മന്ത്രിമാരും ന്യായീകരിക്കുകയാണ്. റവന്യുവകുപ്പിന് ഒരു ഉത്തരവാദിത്വവുമില്ലാത്ത മട്ടിലാണ് മന്ത്രി സംസാരിക്കുന്നത്. റവന്യൂപട്ടയഭൂമിയിലെ മരങ്ങളുടെ കണക്ക് വില്ലേജ് ഓഫീസറാണ് സൂക്ഷിച്ചുവെക്കേണ്ടത്. എന്നാല്‍ ആ രജിസ്റ്റര്‍ മറച്ചുവെച്ചുകൊണ്ടാണ് വനംവകുപ്പ് മരം കൊള്ളക്ക് കൂട്ടുനിന്നിരിക്കുന്നത്. മരംകൊള്ളയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണം പ്രഹസനമാണ്. സാധാരണ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തുകൊണ്ടാണ് അന്വേഷണം നടക്കാറുള്ളത്. ഇവിടെ അതുമുണ്ടായിട്ടില്ല. മരം പിടിച്ചെടുത്ത ഉദ്യോഗസ്ഥരെ കള്ളക്കേസില്‍ കുടുക്കാന്‍ വരെ നീക്കം നടന്നു. അതിനായി ഉദ്യോഗസ്ഥന്മാര്‍ ജില്ലയിലെത്തിയ സംഭവം വരെയുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മരംകൊള്ളയുമായി ബന്ധപ്പെട്ട് വഞ്ചിക്കപ്പെട്ട കര്‍ഷകരെയും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെയും കേസില്‍ നിന്നൊഴിവാക്കി മരംകൊള്ളക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു ഡി എഫ് നേതാക്കളായ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, എം എല്‍ എമാരായ പി ടി തോമസ്, എം കെ മുനീര്‍, മോന്‍സ് ജോസഫ്, അഡ്വ. ടി സിദ്ദിഖ്, ഐ സി ബാലകൃഷ്ണന്‍ എന്നിവരും, സി പി ജോണ്‍, ജി ദേവരാജന്‍, കെ എസ് സനല്‍കുമാര്‍, അഡ്വ. എ എന്‍ രാജന്‍ബാബു, പി പി എ കരീം, എന്‍ ഡി അപ്പച്ചന്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.