• admin

  • April 16 , 2022

കൽപ്പറ്റ : മാനന്തവാടി സബ് ആർ.റ്റി.ഓഫീസിലെ സീനിയർ ക്ലർക്കായ സിന്ധുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഓഫീസിലെ പതിനൊന്ന് ജീവനക്കാരെ സ്ഥലം മാറ്റാൻ ശുപാർശ ചെയ്ത ഡെപ്യൂട്ടി കമ്മീഷണറുടെ നടപടി വസ്തുതകളിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. യഥാർത്ഥ കുറ്റവാളികളെ പുറത്തു കൊണ്ടുവരുന്നതിന് പകരം ബഹുഭൂരിപക്ഷം ജീവനക്കാരെയും പ്രതിസ്ഥാനത്ത് നിർത്തുന്ന നടപടി അംഗീകരിക്കാനാവില്ല.   അഴിമതിയുൾപ്പെടെയുള്ള ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സ്ഥലം മാറ്റ നടപടികളുമായി മുന്നോട്ട് പോവുകയാണെങ്കിൽ മിനിസ്റ്റീരിയൽ ടെക്നിക്കൽ വേർതിരിവില്ലാതെ എല്ലാവരേയും സ്ഥലം മാറ്റേണ്ടതുണ്ട്, ആയതിന് പകരം പതിനൊന്ന് പേരിലേക്ക് ചുരുക്കുന്നത് സംശയത്തിന് ഇട നൽകുന്നതാണ്. ഓഫീസിലെ ചില ജീവനക്കാർ ആർ.റ്റി.ഒ-യെ നേരിട്ട് കണ്ട് പരാതി പറയാനുണ്ടായ സാഹചര്യവും സമഗ്രമായ അന്വേഷത്തിന് വിധേയമാക്കേണ്ടതുണ്ട്.   യഥാർത്ഥ പ്രതികളിൽ നിന്നും ശ്രദ്ധ മാറ്റി അന്വേഷണം വഴിതെറ്റിക്കാനുള്ള നടപടികളാണ് മേലുദ്യോഗസ്ഥരുടെ റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. സുതാര്യവും നീതിപൂർവവുമായ അന്വേഷണങ്ങളല്ല നടക്കുന്നതെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് കേരള എൻ.ജി.ഒ അസോസിയേഷൻ നേതൃത്വം നൽകും   കഴിഞ്ഞ ആറു വർഷക്കാലമായി സർക്കാർ ഓഫീസുകളിലെ ജോലി സമ്മർദ്ദത്തിൻ്റെയും പീഡനങ്ങളുടേയും അവസാനത്തെ ഇരയാണ് സിന്ധു. പ്രധാന വകുപ്പുകളിൽ ഭരണകക്ഷി സംഘടനകളുടെ ആളുകൾ പ്രാധാനസീറ്റുകളിൽ ഇരിക്കുകയും പ്രതിപക്ഷ - ഭരണകക്ഷി വ്യത്യാസമില്ലാതെ താൽപര്യങ്ങൾ അടിച്ചേൽപ്പിക്കുകയുമാണ്. സംശുദ്ധവും സംതൃപ്തവുമായ സിവിൽ സർവീസിന് മാത്രമേ സർക്കാരിൻ്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുകയുള്ളു. ഓഫീസ് അന്തരീക്ഷത്തിൽ സമൂലമായ മാറ്റങ്ങൾ ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ്, കെ.ടി ഷാജി, എം.സി.ശ്രീരാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു