• admin

  • January 15 , 2020

കല്‍പ്പറ്റ : ഭിന്നശേഷി സഹായ ഉപകരണ വിതരണ ക്യാമ്പും ബോധവത്കരണവും ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ നാളെ ഉദ്ഘാടനം ചെയ്യും. കല്‍പ്പറ്റ എസ്. കെ.എം.ജെ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ഭിന്നശേഷിക്കാര്‍ക്കും കിടപ്പു രോഗികള്‍ക്കും കേരള വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ മുഖേന വിവിധ സഹായ ഉപകരണങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും. സംസ്ഥാന വികലാംഗ കോര്‍പ്പറേഷന്‍ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ എം.പി മുജീബ് റഹ്മാന്‍ ഭിന്നശേഷി സൗഹൃദ കേരളം, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ എന്ന വിഷയത്തില്‍ ക്ലാസ്സെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി, കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.