• Lisha Mary

  • March 14 , 2020

തിരുവനന്തപുരം : മദ്യശാലകള്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. ബാറുകള്‍ അടച്ചിടേണ്ട സാഹചര്യം ഇല്ല. ഒരു വ്യാപാരസ്ഥാപനവും അടയ്ക്കേണ്ട സാഹചര്യം നിലവിലില്ല. ബിവറേജസ് ഷോപ്പുകളിലെ ജീവനക്കാരുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. ബാറുകളും മദ്യശാലകളും പൂട്ടണമെന്ന് നിരവധി കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. സുരക്ഷയുടെ ഭാഗമായി ഷോപ്പുകള്‍ അടയ്ക്കണമെന്ന് ബിവറേജസ് തൊഴിലാളികളും ആവശ്യപ്പെടുന്നുണ്ട്. കൊറോണ വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ബാറുകള്‍ ഉള്‍പ്പെടെ ആളുകള്‍ കൂട്ടം കൂടുന്ന സ്ഥങ്ങള്‍ അടച്ചിടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. സ്‌കൂളുകള്‍ അടക്കം അടച്ചിടുകയും ഉത്സവങ്ങളില്‍ നിന്നടക്കം ഒഴിഞ്ഞു നില്‍ക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ബിവറേജസ് ഷാപ്പുകളും ബാറുകളും അടയ്ക്കാന്‍ നിര്‍ദേശിക്കാത്തത് വിരോധാഭാസമാണെന്നാണ് എതിര്‍ക്കുന്നവരുടെ നിലപാട്.