• admin

  • November 23 , 2022

കുന്ദമംഗലം : ദയാപുരം സൈബർ സ്ക്വയർ ഡിജിറ്റൽ ഫെസ്റ്റിൽ പ്ലസ്ടു വിദ്യാർഥികൾ അവതരിപ്പിച്ച ബോട്ടിൽ കലക്ഷൻ മെഷിൻ ശ്രദ്ധേയമായി. പ്ലസ്ടു വിദ്യാർഥികളായ റിഷി കൃഷ്ണ, മുഹമ്മദ് പർവീസ്, അൽ യസഹ് മുഹമ്മദ് ഫൈസൽ എന്നിവരാണ് പ്രൊജക്റ്റ് റെസിഡ്യൂ എന്ന പേരിൽ ഉപയോഗശൂന്യമായ വാട്ടർ ബോട്ടിലുകൾ സ്വീകരിക്കുന്നതിനുള്ള മോഡൽ അവതരിപ്പിച്ചത്. നേരത്തെ കേന്ദ്രസർക്കാർ റെയിൽ വേ സ്റ്റേഷനുകളിൽ ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചിരുന്നെങ്കിലും നിർമാണച്ചെലവു കാരണം യാഥാർഥ്യമായില്ല. ഉപയോഗശ്യന്യമായ പ്ലാസ്റ്റിക് വെള്ളപ്പാത്രങ്ങൾ സ്വീകരിക്കുകയും നിക്ഷേപിക്കുന്നവർക്ക് പണം നൽകുകയും ചെയ്യുന്നതായിരുന്നു പദ്ധതി. സമാനമായ ആശയമാണ് ദയാപുരം റസിഡൻഷ്യൽ സ്ക്കൂൾ വിദ്യാർഥികൾ യാഥാർഥ്യമാക്കിയത്. സർക്കാർ ഉദ്ദേശിച്ച പദ്ധതിയെ അപേക്ഷിച്ച് തങ്ങളുടെ പ്രൊജക്റ്റ് റെസിഡ്യൂ പദ്ധതിക്ക് ചെലവ് വളരെ കുറവായിരിക്കുമെന്ന് വിദ്യാർഥികൾ പറഞ്ഞു. ബോട്ടില് നിക്ഷേപിക്കുന്നവരുടെ മൊബൈലിൽ ഇതിനുള്ള ആപ് ആദ്യത്തില് ഇൻസ്റ്റാൾ ചെയ്യണം. ഇല്ലെങ്കിൽ മെഷിനിൽ ക്യുആർ കോഡ് സംവിധാനവും ആവാം. കോഡ് സ്കാൻ ചെയ്ത് ബോട്ടിൽ നിക്ഷേപിക്കുമ്പോൾ ഉപയോക്താവിന്റെ അക്കൗണ്ടിലേക്ക് ഒരു രൂപ ക്രെഡിറ്റ് ചെയ്യപ്പെടുന്ന സംവിധാനമാണ് വിദ്യാർഥികൾ അവതരിപ്പിച്ചത്. ആഴ്ചകള് നീണ്ട അധ്വാനത്തിനൊടുവിലാണ് ഇത്തരത്തിലൊരു മെഷിൻ രൂപകല്പന ചെയ്തതെന്ന് വിദ്യാർഥികൾ പറഞ്ഞു. ഇതു കൂടാതെ എൽഇഡി മാട്രിക്സ്, ടെസ്ല കോയിൽ, ഇൻ്ററാക്റ്റിവ് ഇൻഫർമേഷൻ പോർട്ടൽ, ബ്ലൂടൂത്ത് റോബോട്ട്, വാട്ടർ ലെവൽ ഇൻറിക്കേറ്റർ, മോട്ടോർ ബോട്ട്, സെക്യൂരിറ്റി അലാറം, ഫ്രൂട്ട് സോർട്ടിങ് മെഷീൻ, എൽഎംഎസ്, സെൻ്റിമെൻ്റൽ അനാലിസിസ്, വെതർ ചാനൽ, എഐ കാൽക്കുലേറ്റർ, ക്വിസ് ആപ്, പൈത്തൺ ചാറ്റ്ബോട്ട്, സ്മാർട്ട് വാച്ച്, കാർ റോബോട്ട്, വെബ് ക്ളോണിങ്, ഒബ്സ്റ്റക്ക്ൾ എവോയിഡിങ് കാറുകൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾ സ്റ്റാളുകളിലുണ്ട്.