• admin

  • February 15 , 2020

തിരുവനന്തപുരം :

ഡിജിപി അഴിമതി നടത്തിയത് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഴിമതിയുടെ തോത് വെച്ച് നോക്കിയാല്‍ കേവലം ഡിജിപിക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന അഴിമതിയാണ് നടന്നതെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. പൊലീസിനെ നയിക്കുന്നത് കൊള്ളസംഘമാണെന്നും അദ്ദേഹം പറഞ്ഞു.

റൈഫിളുകളും അതോടൊപ്പം വെടിയുണ്ടകളും നഷ്ടമായതിന്റെ ഗൗരവം കുറയ്ക്കുന്നതിന് വേണ്ടിയാണ് യുഡിഎഫ് സര്‍ക്കാറിന്റെ കാലത്താണ് ഇതെല്ലാം സംഭവിച്ചതെന്നുള്ള വ്യാജ പ്രചരണം സിപിഎം നടത്തുന്നത്. സിഎജിയുടെ റിപ്പോര്‍ട്ടില്‍ ഒരിടത്തും യുഡിഎഫ് കാലത്തിലാണ് അഴിമതി ഉണ്ടായതെന്ന് സൂചന പോലുമില്ല. അതേസമയം, ഇടതുമുന്നണി ഭരണത്തിന്റെ കീഴില്‍ വന്‍തോതില്‍ ഇവയെല്ലാം കാണാതെപോയിട്ടുണ്ട് എന്നത് വ്യക്തമാണെന്നും ചെന്നിത്തല പറഞ്ഞു.

പര്‍ച്ചേയ്സിന്റെ അടിസ്ഥാനപരമായ നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തി ഡിജിപിക്ക് പര്‍ച്ചേയ്സ് നടത്താനുള്ള അനുമതി ആരാണ് നല്‍കിയിരിക്കുന്നത്. ഇതെല്ലാം സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായാണ് കാണുന്നത്. നിയമവിരുദ്ധമായി വാങ്ങല്‍ നടത്തുകയും സര്‍ക്കാര്‍ അംഗീകാരം നടത്തുകയും ചെയ്താല്‍ ഭരണത്തിന്റെ ഉന്നതതലത്തിലുള്ള അനുമതി ഇതിന് ഉണ്ടെന്നാണ് കരുതേണ്ടത്. ചട്ടങ്ങള്‍ പാലിക്കാതെയാണ് കേന്ദ്രഫണ്ട് വിനിയോഗിക്കുന്നത്.

അതേസമയം, സംഭവത്തില്‍ ചീഫ് സെക്രട്ടറിയുടെ പങ്കും അന്വേഷിക്കേണ്ടതാണ്. പൊലീസ് ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി വാങ്ങിയ വാഹനം എങ്ങനെയാണ് ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നത്. സാധാരണഗതിയില്‍ ചീഫ് സെക്രട്ടറിയും മന്ത്രിമാരും അവര്‍ക്ക് അനുവദിച്ചിട്ടുള്ള വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചാല്‍ ടൂറിസം വകുപ്പിനെയാണ് അറിയിക്കേണ്ടത്. തുടര്‍ന്ന് ടൂറിസം വകുപ്പാണ് വാഹനം നല്‍കുന്നത്. അല്ലാതെ, പൊലീസ് വകുപ്പിന്റെ വാഹനം ചീഫ് സെക്രട്ടറിക്ക് നല്‍കിയത് അസാധാരണമായ നടപടിയാണ്. നിയമവിരുദ്ധമായാണ് ചീഫ് സെക്രട്ടറി സഞ്ചരിക്കുന്നത്. പൊലീസില്‍ നടക്കുന്ന അഴിമതിക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്നതിന്റെ ഏറ്റവും വലിയ തെളിവാണിതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കെല്‍ട്രോണുമായി ബന്ധപ്പെട്ട് വന്‍ ആരോപണങ്ങളാണ് സിഎജി റിപ്പോര്‍ട്ടില്‍ ഉയര്‍ന്നു വരുന്നത്. അവിടെയാണ് അഴിമതിയുടെ യഥാര്‍ഥ ചിത്രം പുറത്തുവരുന്നത്. സിസിടിവി ഉപയോഗിച്ചു കൊണ്ടുള്ള സുരക്ഷാപദ്ധതിയില്‍ വന്‍തട്ടിപ്പാണ് പുറത്തുവരുന്നത്. ഇത്തരമൊരു പദ്ധതി തന്നെ അനാവശ്യമാണ്.

ഗലക്സോണ്‍ ആരുടെ ബിനാമി കമ്പനിയാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കേരളത്തിന് അത് അറിയാന്‍ അവകാശമുണ്ട്.ഗാലക്സോണിനു വേണ്ടി ചരടുവലിച്ചത് ആരാണെന്നും രമേശ് ചെന്നിത്തല ചോദിക്കുന്നു.

സി.എ.ജി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സമഗ്രമായ അന്വേഷണം വേണം. ഡിജിപിക്കെതിരെ മൂന്ന് ഘട്ടങ്ങളിലായി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണം. അതേസമയം, കോണ്‍ഗ്രസ് ഭരണകാലത്ത് എന്തെങ്കിലും ക്രമക്കേട് നടന്നെന്ന് സിപിഎമ്മിന് സംശയമുണ്ടെങ്കില്‍ അത് കൂടി അന്വേഷണിക്കണം. കേസ് സിബിഐക്ക് നല്‍കാനുള്ള മര്യാദ സര്‍ക്കാര്‍ കാണിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.