• Lisha Mary

  • March 5 , 2020

ന്യൂഡല്‍ഹി :

നിര്‍ഭയ കേസിലെ നാല് പ്രതികളേയും മാര്‍ച്ച് 20-ന് തൂക്കിലേറ്റാന്‍ പുതിയ മരണ വാറണ്ട്. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്. മാര്‍ച്ച് 20-ന് പുലര്‍ച്ചെ 5.30നാണ്‌ പ്രതികളെ തൂക്കിലേറ്റേണ്ടത്. 

പ്രതികളായ മുകേഷ്, വിനയ്, പവന്‍ ഗുപ്ത, അക്ഷയ് എന്നിവരുടെയെല്ലാം ദയാഹര്‍ജികള്‍ രാഷ്ട്രപതി തള്ളിയ സാഹചര്യത്തില്‍ മാര്‍ച്ച് ഇരുപതിന് തന്നെ പ്രതികളെ തൂക്കിലേറ്റാനാണ് എല്ലാ സാധ്യതയും.

നിലവില്‍ പ്രതികള്‍ നല്‍കിയ ഹര്‍ജികളും അപേക്ഷകളും ഒരു കോടതിക്ക് മുന്നിലും ഇല്ല. 

ജനുവരി ഏഴിന് പ്രതികളെ തൂക്കിലേറ്റാനാണ് ആദ്യം മരണവാറണ്ട് ഉണ്ടായിരുന്നത്. ദയാഹര്‍ജികളും മറ്റും പരിഗണനയിലുള്ളത് കാരണം ഇതിന് ശേഷം രണ്ട് തവണ വീണ്ടും മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റാനായിരുന്നു അവസാന മരണവാറണ്ട്. എന്നാല്‍ പവന്‍ ഗുപ്തയുടെ ദയാഹര്‍ജി രാഷ്ട്രപതിയുടെ പരിഗണനയിലുള്ളതിനാല്‍ ഇത് മാറ്റിവെക്കുകയായിരുന്നു. പവന്‍ഗുപ്തയുടെ ദയാഹര്‍ജി ബുധനാഴ്ച രാഷ്ട്രപതി തള്ളുകയുണ്ടായി.