• admin

  • January 23 , 2020

കൊച്ചി : യാത്രക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് റെയില്‍വേ മെനുവില്‍ നിന്ന് ഒഴിവാക്കിയ കേരളീയ ഭക്ഷണ വിഭവങ്ങള്‍ ഡബിള്‍ സ്‌ട്രോങ്ങായി തിരിച്ചെത്തുന്നു. മീന്‍ കറി കൂട്ടി ഒരു ഊണ് ആഗ്രഹിച്ചാല്‍ ട്രെയിനില്‍ ഇനി അതും കിട്ടും. മലയാളിയുടെ പ്രിയ വിഭവമായ ഫിഷ് കറി ഊണും പുതുക്കിയ റെയില്‍വേ മെനുവില്‍ ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍ ഇഷ്ട ഭക്ഷണം കഴിക്കണമെങ്കില്‍ ഇരട്ടി വില നല്‍കേണ്ടി വരുമെന്ന് മാത്രം. ഊണിന്റെ വില 35ല്‍ നിന്ന് 70 ആയും വട അടക്കമുള്ള ചെറുകടികളുടെ വില എട്ടുരൂപയില്‍ നിന്നും 15 രൂപയും ആയാണ് വര്‍ധിപ്പിച്ചത്. യാത്രക്കാരുടെ ഇഷ്ടഭക്ഷണങ്ങളായ പഴംപൊരി, സുഖിയന്‍, അപ്പം, ഉണ്ണിയപ്പം, നെയ്യപ്പം, പുട്ട്, മുട്ടക്കറി, പൊറോട്ട, ദോശ തുടങ്ങിയ വിഭവങ്ങള്‍ അടുത്തിടെ റെയില്‍വേ മെനുവില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഈ തീരുമാനം പിന്‍വലിക്കണമെന്നും മെനുവില്‍ കേരള വിഭവങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് എറണാകുളം എംപി ഹൈബി ഈഡന്‍ കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിനും ഐആര്‍സിടിസി ചെയര്‍മാനും കത്തയച്ചിരുന്നു. ഈ കത്തിനുള്ള മറുപടിയിലാണ് കേരളീയ ഭക്ഷണ വിഭവങ്ങള്‍ റെയില്‍വേ പുനഃസ്ഥാപിക്കുമെന്ന് ഐആര്‍സിടിസി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എംപി മാള്‍ വ്യക്തമാക്കിയത്. വിഭവങ്ങളുടെ വില ഇരട്ടിയാക്കിയ നടപടി കൂടി കൂടി പുന:പരിശോധിക്കണമെന്ന് ഹൈബി ഐആര്‍സിടിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.