• admin

  • August 16 , 2022

കല്‍പ്പറ്റ : തമി എന്ന ചിത്രത്തിലൂടെ ആദ്യ സിനിമാ ഗാനം വലിയ ജനശ്രദ്ധ നേടിയതിന് പിന്നാലെ ചിങ്ങം ഒന്നിന് റിലീസ് ചെയ്യപ്പെടുന്ന 'രണ്ട്‌ രഹസ്യങ്ങൾ' എന്ന ചിത്രത്തിൽ പുതിയ ഗാനവുമായി എത്തുകയാണ് വയനാട് സ്വദേശിനി വൈഗ നമ്പ്യാര്‍ എന്ന സൗമ്യ ബിജോയ്. പ്രമുഖ സംഗീത സംവിധായകന്‍ വിശ്വജിത്തിന്റെ സംഗീതത്തിൽ വിജയ കുമാർ പ്രഭാകരൻ രചന നിർവ്വഹിച്ച് പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ബിജിബാലിനൊപ്പം വൈഗ ആലപിച്ച ഗാനം ആഗസ്റ്റ് 17 ചിങ്ങം ഒന്നിന് റിലീസ് ചെയ്യപ്പെടുകയാണ്. സോഷ്യല്‍ മീഡിയയില്‍ പാടിയ ഒരു ഗാനം സംഗീത സംവിധായകന്‍ വിശ്വജിത്ത് കണ്ടതോടെയാണ് സിനിമാ വഴിയില്‍ വൈഗയ്ക്ക് അവസരം തെളിഞ്ഞത്.   സംഗീതാഭിരുചിയുള്ള കുടുംബത്തിൽ ജനിച്ച വൈഗയുടെ ആദ്യ ഗുരു അമ്മ സുചിത്രയാണ്. മൂന്ന് വയസുമുതൽ സംഗീതത്തിന്റെ ആദ്യപാഠങ്ങൾ അഭ്യസിച്ചു തുടങ്ങി. ഒപ്പം നൃത്തവും പരിശീലിച്ചു. സ്കൂൾ കലോൽസവങ്ങളിൽ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം എന്നിവയിൽ തുടർച്ചയായി സമ്മാനങ്ങൾ നേടി. ലളിതഗാനം, മാപ്പിളപ്പാട്ട്‌, ശാസ്ത്രീയ സംഗീതം, പദ്യപാരായണം , കഥാപ്രസംഗം,ഗസൽ എന്നിവയിലും സമ്മാനങ്ങൾ വൈഗയെ തേടിയെത്തി. കലോത്സവത്തില്‍ തുടർച്ചയായി അഞ്ച് വർഷം വയനാട്‌ ജില്ലയിലെ കലാതിലക പട്ടം നേടാന്‍ കഴിഞ്ഞു എന്നത് തന്നെ ഈ കലാകാരിയുടെ കഴിവിന്‍റെ അടയാളപ്പെടുത്തലാണ്. ഒപ്പം ഉർദ്ദു പദ്യപാരായണത്തിൽ സംസ്‌ഥാന തലത്തിൽ രണ്ടുവർഷം ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. നാട്ടിലും പുറത്തുമായി സംഗീത രംഗത്തെ കുലപതികളായ പി ജയചന്ദ്രൻ, ഉണ്ണിമേനോൻ, ബിജു നാരായണൻ തുടങ്ങിയ പ്രതിഭകളുമായി വേദി പങ്കിട്ടിട്ടുണ്ട് ഈ വയനാട്ടുകാരി. ഒട്ടേറെ ആൽബങ്ങളിലും വൈഗ പാടിയിട്ടുണ്ട്‌. വിവാഹ ശേഷം ദുബായിൽ താമസിച്ചിരുന്ന കാലയളവില്‍ കൈരളി ടിവിയുടെ 'വോയ്സ്‌ ഓഫ്‌ യു എ ഇ 2014 പുരസ്ക്കാരം നേടിയിട്ടുണ്ട്. യു എ ഇയിലെ ഏറ്റവും കാഴ്ച്ചക്കാരുള്ള മലയാളം ചാനൽ ആയ എന്‍ ടി വി യിൽ അവതാരകയായും പ്രവര്‍ത്തിച്ചിട്ടുണ്ട് ഈ കലാകാരി. ഓള്‍ ഇന്ത്യാ റേഡിയോ ബി ഹൈ ഗ്രേഡ് ആര്‍ട്ടിസ്റ്റും സംഗീത അധ്യാപികയുമായ വൈഗ പിണങ്ങോട് ഐശ്വര്യയില്‍ ശ്രീധരൻ സുചിത്ര ദമ്പതികളുടെ മകളാണ്. ഏക സഹോദരന്‍ സൗരവ് സംഗീത വഴിയില്‍ തുടരുന്നു. ഭര്‍ത്താവ് മുട്ടില്‍ സ്വദേശി ബിജോയി. ഏക മകള്‍ ശ്രദ്ധ ബിജോയ്